മാരകമായ ലഹരിപദാർത്ഥങ്ങളെയും അവ സൃഷ്ടിക്കുന്ന വൻ വിപത്തുകളെയും ലളിതമായി വിദ്യാർത്ഥികളുടെ ഹൃദയത്തിലേക്ക് സന്നിവേശിപ്പിക്കുന്നതായിരുന്നു എക്സൈസ് പ്രിവന്റീവ് ഓഫീസർ എസ്. രതീഷ് കുമാർ നയിച്ച ബോധവത്കരണ ക്ലാസ്.

ചിന്താശേഷിയും ബോധവുമാണ് മനുഷ്യന്റെ പ്രത്യേകതയെന്നും അത് തകർക്കുന്നതാണ് ലഹരിയെന്നും രതീഷ് കുമാർ പറഞ്ഞു. ലോകത്ത് ആയുധ വ്യാപാരം കഴിഞ്ഞാൽ ഏറ്റവും വലിയ ഇടപാടായി ലഹരി വ്യാപാരം മാറിയിരിക്കുന്നു. ജീവിതം ആസ്വദിക്കുന്നതിൽ പ്രശ്നമില്ല. പക്ഷെ സുരക്ഷിതമായ ആസ്വാദനമേ പാടുള്ളു. രക്ഷാകർത്താക്കളുടെ ഏറ്റവും വലിയ സമ്പത്ത് മക്കളാണ്. മക്കൾ ലഹരിക്ക് അടിമയായാൽ രക്ഷാകർത്താക്കളുടെ ജീവിത അദ്ധ്വാനം പൂർണമായും തകർക്കപ്പെടും. എം.ഡി.എം.എ ഉപയോഗിക്കുന്ന 18 കാരൻ പരിമിതമായ നാളുകൾക്കുള്ളിൽ 80 കാരന്റെ അവസ്ഥയിലാകും. ലഹരി ഉപയോഗിക്കുകയും കടത്തുകയും ചെയ്യുന്നവർ മാത്രമല്ല, ഉപയോഗിക്കുമ്പോൾ കൂടിരിക്കുന്നവരെയും ശിക്ഷിക്കാൻ നിയമമുണ്ട്. ലഹരിപദാർത്ഥങ്ങളെക്കുറിച്ചുള്ള ചിന്ത തന്നെ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. കവിതാശകലങ്ങൾക്കൊപ്പം ജോലിസംബന്ധമായ അനുഭവങ്ങളും രതീഷ് കുമാർ പങ്കുവച്ചപ്പോൾ വിദ്യാർത്ഥി ഹൃദയങ്ങളിൽ ലഹരിക്കെതിരായ ചിന്തയ്ക്കൊപ്പം പോരാട്ടത്തിനുള്ള ആവേശവും നിറഞ്ഞു.

കാലമാവശ്യപ്പെടുന്ന ഏറ്റവും വലിയ ദൗത്യങ്ങളിലൊന്നാണ് ലഹരിക്കെതിരായ പോരാട്ടം. വിദ്യാർത്ഥികൾ ഈ പോരാട്ടത്തിന്റെ മുൻനിര പോരാളികളാകണം.

ശ്രീന രാജീവ്, കോളേജ് പൂർവ വിദ്യാർത്ഥി

സംഘടനാ എക്സി.അംഗം

എല്ലാവരുടെയും ജീവിതത്തിൽ ഒരു ലക്ഷ്യമുണ്ടാകണം. അത് സാർത്ഥകമാക്കാനുള്ള അദ്ധ്വാനമാകണം ലഹരി.

ബി. ബിജി, അസി. പ്രൊഫസർ

രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്താണ് യുവതലമുറ. യുവതീ, യുവാക്കൾ ലഹരി പദാർത്ഥങ്ങൾക്കെതിരായ സന്ദേശവാഹകരാകണം.

ഡോ. വി. ദിവ്യ, നാക്ക് കോ-ഓർഡിനേറ്റർ

ജീവിതത്തിലെ ഏറ്റവും നല്ലകാലമാണ് വിദ്യാഭ്യാസ കാലഘട്ടം. ഈഘട്ടത്തിൽ സൗഹൃദങ്ങളും ലക്ഷ്യത്തിലേക്കുള്ള യാത്രയും ലഹരിയാക്കണം.

ഡോ. എം. കിരൺ മോഹൻ

ഡീ അഡിക്ഷൻ ക്ലബ് കോ ഓഡിനേറ്റർ

ലഹരിപദാർത്ഥങ്ങൾക്കെതിരായ ബോധവത്കരണ പ്രവർത്തനങ്ങൾ ഇപ്പോൾ ശക്തമാണ്. വിദ്യാർത്ഥികൾ ഈ സന്ദേശം പൊതുസമൂഹത്തിലേക്ക് എത്തിക്കണം.

ഡോ. നിഷ സോമരാജൻ

എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ

നിഷ്കളങ്കരായ വിദ്യാർത്ഥികളെയാണ് ലഹരിമാഫിയ വലയിലാക്കുന്നത്. ലഹരിപദാർത്ഥങ്ങളുടെ വില്പനയിലൂടെ ലഭിക്കുന്ന പണം രാജ്യത്തെ തകർക്കാനുള്ള നീക്കങ്ങൾക്കാണ് ഉപയോഗിക്കുന്നത്.

അനിത്ത് കുമാർ

പൂർവ വിദ്യാർത്ഥി സംഘടനാ പ്രതിനിധി

വിദ്യാർത്ഥി സമൂഹത്തിലെ വലിയൊരു വിഭാഗം ലഹരിക്കെതിരായ പോരാട്ടം ഏറ്റെടുത്തിട്ടുണ്ട്. ലഹരിക്ക് വഴിപ്പെടുന്ന ന്യൂനപക്ഷം വരുന്ന വിദ്യാർത്ഥികളെ നേർവഴിയിലേക്ക് നയിക്കാൻ കൂട്ടായ പരിശ്രമം ഉണ്ടാകണം.

എച്ച്. ഹരിദേവ്

കോളേജ് യൂണിയൻ ചെയർമാൻ

ലഹരിക്ക് അടിമപ്പെട്ട് യുവാക്കൾ തെരുവിൽ അലഞ്ഞുനടക്കുന്ന ഏറെ വേദനാജനകമായ കാഴ്ച കാണേണ്ടി വരുന്നു. സമർത്ഥരായ വിദ്യാർത്ഥികളെയും യുവാക്കളെയും വഴിതെറ്റിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുണ്ട്.

സാബു, കോളേജ് യു.ഡി ക്ലാർക്ക്