vocational-expo

കൊട്ടാരക്കര: പച്ചഗോളത്തിൽ വേരൂന്നി പച്ചപ്പോടെ പുഷ്പിച്ചുനിൽക്കുന്ന കൊക്ക ഡാമയും സ്ഫടിക പാത്രത്തിൽ വർണക്കല്ലുകൾക്കൊപ്പം സസ്യജാലം മിഴിവിരിക്കുന്ന ടെറേറിയവുമൊക്കെയാണ് ഉദ്യാനങ്ങളിലെ പുതുമുഖങ്ങൾ.

അകത്തളങ്ങളിൽ ചെറു ഉദ്യാനം തന്നെ ഒരുക്കുന്ന ടെറേറിയത്തിന്റെയും പുറത്തെ വെയിലത്തും തണലത്തും മാസ്മരികത സൃഷ്ടിക്കുന്ന കൊക്കോഡാമയും വെണ്ടാർ ശ്രീവിദ്യാധിരാജ സ്കൂളൊരുക്കിയ ക്ലാസ് മുറിയിലെ ഉദ്യാനത്തിൽ നിറഞ്ഞു.

വൊക്കേഷണൽ എക്സ്പോയുടെ ഭാഗമായി സജ്ജീകരിച്ച സ്റ്റാളിൽ സന്ദർശകരുടെ തിരക്കേറിയത് പച്ചപ്പിന്റെ ഉത്സവം ആയപ്പോഴാണ്. ഉദ്യാനപാലന രംഗത്തെ ആകർഷണങ്ങളായ ഹാങ്ങിംഗ് ഗാർഡൻ, വെർട്ടിക്കൽ ഗാർഡനിംഗ് എന്നിവയും സമൃദ്ധം. പാഴ് വസ്തുക്കൾ ഉപയോഗിച്ചുള്ള ചെടിച്ചട്ടികളും, അലങ്കാരസസ്യ ശ്രേണിയും ഗ്രോബാഗുകളും വില്പനക്കായി ലഭ്യമാക്കി.
പോഷണക്കുറവിന് പുത്തൻ പ്രതീക്ഷയായ മൈക്രോ ഗ്രീൻ കൃഷിയായിരുന്നു മറ്റൊരു വിശേഷം. ഇലച്ചെടികളും പൂച്ചെടികളും മിനിയേച്ചർ ലാൻഡ് സ്കേപ്പുമൊക്കെ നിറയുന്ന സ്റ്റാളിൽ ബോൺസായ് മരങ്ങളും മായക്കാഴ്ചയൊരുക്കി. മേള കൊടിയിറങ്ങിയപ്പോഴും വെണ്ടാർ സ്കൂൾ ഒരുക്കിയ പച്ചപ്പിന്റെ സന്ദേശം മാറിയില്ല.