
കൊട്ടാരക്കര: കള്ളന്മാർ ജാഗ്രതൈ, വീട്ടിൽ കയറിയാൽ പണികിട്ടും!. മുഖത്തല സെന്റ് ജൂഡ് എച്ച്.എസ്.എസിലെ പ്ളസ് ടു വിദ്യാർത്ഥിനികളായ ജെ.പി.ഹരിനന്ദയും സോന.പി.ജോസും തയ്യാറാക്കിയ പൈറോ ഇലക്ട്രിക് ഇൻഫ്രാ റെഡ് സെൻസർ ഇന്നലെ ശാസ്ത്രമേളയിലെ മുഖ്യ ആകർഷണമായി.
മൈക്രോ പവർ മോഷൻ ഡിറ്റക്ടർ ചിപ്പ് വീട്ടിനുള്ളിലെ പ്രധാന ഭാഗത്ത് സ്ഥാപിച്ചാണ് സെൻസറിന്റെ പ്രവർത്തനം. തുടർന്ന് ഈ ചിപ്പും ആവശ്യമായ ഫോൺ നമ്പരുകളുമായി കണക്ട് ചെയ്യണം. ഒന്നിലധികം ഫോണുമായി ഇത് ലിങ്ക് ചെയ്യാൻ കഴിയും.
വീട്ടിൽ ആളില്ലാത്ത സമയത്ത് വീടിനുള്ളിൽ ആര് പ്രവേശിച്ചാലും ഈ ഫോണിൽ സന്ദേശം കേൾക്കും. ഇതിനെ നിയന്ത്രിക്കുന്ന സ്വിച്ച് ഓൺ ചെയ്യുമ്പോഴാണ് വീട്ടിനുള്ളിൽ ആളെത്തിയ സന്ദേശം ലഭിക്കുന്നത്. ഈ നിലയിൽ കള്ളന്മാർ കയറിയാൽ ഫോണിൽ വിവരം ലഭിക്കും. പിടികൂടുകയും ചെയ്യാമെന്ന് പെൺകുട്ടികൾ പറഞ്ഞു.