കൊട്ടാരക്കര: ഇനി ഇലക്ട്രിക് വാഹനങ്ങളുടെ കാലമാണ്, ഡ്രൈവിംഗിനിടെ ചാർജ് തീർന്നുപോകുമോയെന്ന പേടിവേണ്ട, വാഹനം ഓടിക്കൊണ്ടിരിക്കെ ചാർജ് ചെയ്യാനുള്ള സംവിധാനമൊരുക്കിയാണ് നീരാവിൽ എസ്.എൻ.ഡി.വൈ എച്ച്.എസ്.എസിലെ വിദ്യാർത്ഥിനികൾ മേളയിൽ 'ന്യൂജനാ'യത്.

പ്ളസ് വൺ വിദ്യാർത്ഥികളായ എം.എസ് കാർത്തിക, എസ്. അനന്ദു എന്നിവരുടേതാണ് വർക്കിംഗ് മോഡൽ വിഭാഗത്തിലേക്കുള്ള കണ്ടുപിടിത്തം. പ്രെെമറി, സെക്കൻഡറി ചെമ്പ് കോയിൽ ഉപയാേഗിച്ചാണ് വാഹനങ്ങൾ ചാർജ് ചെയ്യുന്നത്. ചെറുത് മുതൽ ഹെവി വാഹനങ്ങൾ വരെ ചെമ്പ് കാേയിലിലൂടെ ചാർജ് ചെയ്യാൻ സാധിക്കും. വാഹനങ്ങളുടെ അടിഭാഗത്ത് സെക്കൻഡറി കാേയിൽ ചുറ്റിയാണ് ചാർജിംഗ് സംവിധാനമൊരുക്കുന്നത്. ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൽ 40 മിനിറ്റിൽ 80 ശതമാനം ചാർജ് കയറുമെന്നാണ് കണ്ടെത്തൽ. വരുംകാല ഘട്ടത്തിൽ പെട്രോൾ, ഡീസൽ, പവർ ചാർജിംഗ് എന്നിവയുടെ ആവശ്യം വരുന്നില്ലെന്നാണ് ഈ സംവിധാനത്തിലൂടെ വിദ്യാർത്ഥികൾ വ്യക്തമാക്കിയത്.