
കൊട്ടാരക്കര: കാഴ്ച പരിമിതിയിൽ ബുദ്ധിമുട്ടുന്നവർക്ക് ഇനിയൊരു സന്തോഷം പങ്കുവയ്ക്കാം, നിങ്ങൾക്ക് തട്ടിമുട്ടി വീഴാതെ നടക്കാൻ പുത്തൻ ഷൂ ഒരുങ്ങിയിട്ടുണ്ട്. വാളകം എം.ടി.എച്ച്.എസ്.എസിലെ ഒൻപതാം ക്ളാസ് വിദ്യാർത്ഥികളായ അന്ന മാത്യുവും ആരോണുമാണ് പുതിയ ഷൂവിന്റെ നിർമ്മാതാക്കൾ. വീടിന് മുന്നിലൂടെ നിത്യവും കാഴ്ചയില്ലാത്ത ദമ്പതികൾ ലോട്ടറി വില്പനയ്ക്കായി പോകാറുണ്ടെന്ന് അന്ന മാത്യു പറഞ്ഞു. അവരെ കാണുമ്പോഴെല്ലാം എവിടേലും തട്ടി വീഴില്ലേയെന്ന് ചിന്തിക്കാറുമുണ്ട്. ആ ചിന്തയിലൂടെയാണ് അൾട്രാ സോണിക് സെൻസർ ഘടിപ്പിച്ച സ്മാർട്ട് ഷൂ ഒരുക്കാൻ ശ്രമിച്ചത്. ആരോണിനെയും കൂട്ടി നന്നായി പരിശ്രമിച്ചു, നെറ്റിലും മറ്റുമൊക്കെ നോക്കി കുറെ പഠിച്ചു. ഒടുവിൽ സ്മാർട്ട് ഷൂ തയ്യാറാക്കിയാണ് ശാസ്ത്രമേളയിലേക്ക് ഇരുവരും എത്തിയത്. സ്മാർട്ട് ഷൂ എന്ന അർത്ഥം വരുന്ന ഇറ്റലിയൻ നാമമായ ഗാർഡാസ്‌ക്കാർ എന്നാണ് ഷൂവിന് ഇവർ പേരിട്ടിരിക്കുന്നത്. ഈ സ്മാർട്ട് ഷൂ ധരിച്ചു നടക്കുമ്പോൾ മുന്നിൽ തടസമായി എന്തെങ്കിലും ഉണ്ടെങ്കിൽ ഇതിൽ ഘടിപ്പിച്ചിരിക്കുന്ന അൾട്രാ സോണിക് സെൻസർ അത് തിരിച്ചറിഞ്ഞ് ബഫറിലൂടെ അലാറം മുഴക്കും. മഴ ഉൾപ്പെടെ കാലാവസ്ഥ മുന്നറിയിപ്പ് നൽകാനും ഷൂ ഉപകരിക്കും. ഷൂ ചാർജ് ചെയ്യുന്നതിനായി സോളാർ പാനൽ, ബ്ലൂ ടൂത്ത്, വാട്ടർ ലെവൽ സെൻസർ, പീസോ ഇലക്ട്രോണിക് പ്ലേറ്റ്, ബാറ്ററി എന്നീ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. എന്തായാലും തങ്ങളുടെ കണ്ടുപിടിത്തം കാഴ്ച പരിമിതി ഉള്ളവർക്ക് ഗുണം ചെയ്യുമെന്ന് ഇരുവരും വിശ്വസിക്കുന്നു.