photo

കരുനാഗപ്പള്ളി: കെ.എസ്.ആർ.ടി.സി കരുനാഗപ്പള്ളി ഓപ്പറേറ്റിംഗ് സെന്ററിൽ വനിതാ ജീവനക്കാർ ദുരിതത്തിലാണ്. പ്രാഥമിക ആവശ്യങ്ങൾ പൊലും നിർവഹിക്കാൻ കഴിയാത്ത അവസ്ഥയാണ്. ജീവനക്കാരുടെ പരാതിക്ക് പരിഹാരമുണ്ടാക്കേണ്ട ഉദ്യോഗസ്ഥന്റെ അഭാവമാണ് ഇപ്പോഴത്തെ പ്രതിസന്ധികൾക്ക് കാരണം. സ്വതന്ത്ര പദവിയിൽ പ്രവർത്തിച്ചിരുന്ന എ.ടി.ഒ ഓഫീസ് നിറുത്തലാക്കി കൊട്ടാരക്കരയിലേക്ക് മാറ്റുകയും കരുനാഗപ്പള്ളിയെ ഓപ്പറേറ്റിംഗ് സെന്ററായി തരം താഴ്ത്തുകയും ചെയ്തതോടെയാണ് പ്രശ്നങ്ങൾ ഉടലെടുത്തത്.

344 ജീവനക്കാർ

100 ഓളം വനിതകൾ

1 ബാത്ത് റൂം

തീരുമാനം കൊട്ടാരക്കരയിൽ നിന്ന്

നിലവിൽ ജീവനക്കാരുടെ പരാതിക്കൾക്ക് തീർപ്പുണ്ടാകുന്നത് കൊട്ടാരക്കരയിൽ നിന്നുള്ള തീരുമാനത്തെ ആശ്രയിച്ചാണ്. കരുനാഗപ്പള്ളി ഓപ്പറേറ്റിംഗ് സെന്ററിൽ ജോലി ചെയ്യുന്ന വനിതാ ജീവനക്കാർക്ക് പ്രഥമികാവശ്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യം പരിമിതമാണ്. 344 ജീവനക്കാർ ജോലി നോക്കുന്ന ഇവിടെ 100 ഓളം ജീവനക്കാരും വനിതകളാണ്. ഇവർക്കെല്ലാം കൂടി ഒരു ബാത്ത് റൂമാണ് ഉള്ളത്. കൂടുതൽ സൗകര്യങ്ങൾ വേണമെന്ന വനിതാ ജീവനക്കാരുടെ ആവശ്യത്തോട് അധികൃതർ കണ്ണടച്ചിരിക്കുകയാണ്.

വിശ്രമിക്കാനിടമില്ല

രാത്രിയിൽ ഡ്യൂട്ടി കഴിഞ്ഞെത്തുന്ന വനിതാ ജീവനക്കാർക്ക് യൂണിഫോം മാറ്റി വിശ്രമിക്കാനുള്ള സൗകര്യവും ഇല്ല. ജോലി കഴിഞ്ഞ് രാത്രിയിൽ വീട്ടിൽ പോകാൻ കഴിയാത്ത വനിതാ ജീവനക്കാർ പുലരും വരെ കാഷ് ഓഫീസിലേ പുറത്തോ ഇരിക്കേണ്ട അവസ്ഥയാണ്. 4 മാസം മുമ്പാണ് കരുനാഗപ്പള്ളി ഡിപ്പോയെ ഓപ്പറേറ്റിംഗ് സെന്ററാക്കി മാറ്റിയത്. ഓഫീസ് സംവിധാനം പൂർണമായും കൊട്ടാരക്കരയിലേക്ക് മാറ്റി. മുമ്പ് ഓഫീസ് പ്രവർത്തിച്ചിരുന്ന സ്ഥലം ഇപ്പോൾ വെറുതെ കിടക്കുന്നു. ഇത് വനിതാ ജീവനക്കാർക്ക് വിശ്രമിക്കാനുള്ള സ്ഥലമായി മാറ്രിയെടുക്കാൻ കഴിയും.