സംസ്ഥാന സർക്കാരിന്റെ എട്ട് തൂണുകളായി
കൊല്ലം: ഇരവിപുരം ആർ.ഒ.ബിയുടെ റെയിൽവേ ലൈനിന് ഇരുവശവുമുള്ള എട്ട് സ്റ്റീൽ തൂണുകളുടെ (പിയർ) നിർമ്മാണം പൂർത്തിയായി. എന്നാൽ, റെയിൽവേ ലൈനിന് മുകളിലെ നിർമ്മാണപ്രവർത്തനങ്ങളുടെ കരാർ റെയിൽവേ അനന്തമായി നീട്ടുകയാണ്.
സ്റ്റീൽ തൂണുകൾക്ക് മുകളിൽ 40 ഗർഡുകളാണ് ആകെ സ്ഥാപിക്കേണ്ടത്. ഇതിൽ 32 എണ്ണം റെയിൽവേ ലൈനിന് ഇരുവശങ്ങളിലുമാണ്. സ്റ്റീൽ കൊണ്ടുള്ള ഗർഡറുകളുടെ നിർമ്മാണം തൃച്ചിയിൽ പുരോഗമിക്കുകയാണ്. ഇവ അടുത്തമാസം അവസാനത്തോടെ സ്ഥാപിക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. ഗർഡറുകൾക്ക് മുകളിൽ വാഹനങ്ങൾക്ക് സഞ്ചരിക്കാനുള്ള സ്ലാബുകൾ കോൺക്രീറ്റ് കൊണ്ടാണ്. മാർച്ചോടെ ഇവയും പൂർത്തിയാക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ.
റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്പ്മെന്റ് കോർപ്പറേഷനാണ് ഇരവിപുരം ആർ.എം.ഒ ബിയുടെ റെയിൽവേ ലൈനിന് ഇരുവശവുമള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. റെയിൽവേ ലൈനിന് മുകളിലുള്ള നിർമ്മാണം റെയിൽവേ പ്രത്യേകം കരാർ നൽകിയാണ് നടത്തുന്നത്. പാലത്തിന് ആകെ 68 പൈലുകളാണുള്ളത്. ഇതിൽ റെയിൽവേ ലൈനിന് മുകളിലുള്ള നിർമ്മാണത്തിന് ആവശ്യമായ 24 പൈലുകൾ, അതിന് മുകളിലുള്ള നാല് സ്റ്റീൽ തൂണുകൾ, എട്ട് ഗർഡറുകൾ, കോൺക്രീറ്റ് സ്ലാബുകൾ എന്നിവയാണ് റെയിൽവേ നിർമ്മിക്കാനുള്ളത്. ആരംഭിക്കുന്നത് അല്പം വൈകിയാലും ഇരുവശങ്ങളിലെയും നിർമ്മാണം പൂർത്തിയാകുന്നതിന് സമാന്തരമായി ലൈനിന് മുകളിലുള്ള നിർമ്മാണവും തീരുമെന്നാണ് റെയിൽവേ അധികൃതർ നേരത്തെ പറഞ്ഞിരുന്നത്. കരാർ ഒപ്പിടുന്നത് വൈകുന്ന സാഹചര്യത്തിൽ പാലം പൂർണമായി പൂർത്തിയാകാൻ ഏറെനാൾ കാത്തിരിക്കേണ്ടി വരുന്ന അവസ്ഥയാണ്.
ആകെ കുരുക്കാണ്
ആർ.ഒ.ബി നിർമ്മാണത്തിനായി ജനുവരി പകുതിയോടെയാണ് ഇരവിപുരം റെയിൽവേ ഗേറ്റ് അടച്ചത്. അതിന് ശേഷം ഇരവിപുരത്തുകാർക്ക് വീതി തിരെയില്ലാത്ത ഇടറോഡുകളാണ് ആശ്രയം. വീതി തീരെയില്ലാത്ത ഈ റോഡുകളിൽ തിരക്കേറിയ സമയങ്ങളിൽ കുരുക്കും രൂക്ഷമാണ്. തെരുവ് വിളക്കുകൾ പ്രകാശിക്കാത്തത് രാത്രി യാത്രയും ദുസഹമാക്കുന്നു. ഇരുചക്ര വാഹന യാത്രക്കാർക്ക് തെരുവ് നായകളും ഭീഷണിയാണ്. ചുരുക്കത്തിൽ നാട്ടുകാർ ആകെ ബന്ദിയായ അവസ്ഥയിലാണ്.