ചാത്തന്നൂർ: നേരം പുലർന്ന് ജീവിതത്തിന്റെ ദിനതാളം വീണ്ടെടുക്കുന്നതിന് മുമ്പേ, രണ്ട് മണിക്കൂറിനുള്ളിൽ മൂന്ന് മരണങ്ങൾ ഏൽപ്പിച്ച ആഘാതത്തിലാണ് ഇന്നലെ കൊട്ടിയം സിത്താര ജംഗ്ഷൻ. രാവിലെ ആറരയോടെ പ്രഭാതസവാരിക്കിറങ്ങിയ സിത്താര ജംഗ്ഷൻ ബൈജുഭവനത്തിൽ സജീഷ് ഇത്തിക്കരയിൽ കുഴഞ്ഞുവീണു മരിച്ചതിന്റെ ഞെട്ടലിൽ നിന്ന് നാട് മുക്തമാകും മുമ്പേയാണ് രാവിലെ 8.20ന് അച്ഛനും മകളും വാഹനാപകടത്തിൽ തൽക്ഷണം മരിച്ച വാർത്തയെത്തിയത്.
മകൾ ഗൗരിയുമായി ചാത്തന്നൂർ ജി.വി.എച്ച്.എസ്.എസിലേയ്ക്ക് ബൈക്കിൽ പോവുകയായിരുന്നു വിമുക്തഭടൻ ഗോപകുമാർ. ഇരുവരും ബൈക്കിനോടൊപ്പം കണ്ടെയ്നർ ലോറിക്കടിയിൽ പെടുകയായിരുന്നു. ദേശീയപാതയിൽ രണ്ടു സംഭവങ്ങളും നടന്നതും കഷ്ടിച്ച് ഒരു കിലോമീറ്ററിനുള്ളിലായിരുന്നു. വൈകിട്ട് നാലുമണിയോടെയായിരുന്നു സുജീഷിന്റെ സംസ്കാരച്ചടങ്ങുകൾ.
ഒരു വിളിപ്പാടകലെയുള്ള വീടുകളിൽ തേങ്ങലുയർത്തിയ ദുരന്തത്തിന്റെ ഞെട്ടലിൽ വിറങ്ങലിച്ചു നിൽക്കവേയാണ് വൈകിട്ട് ആറോടെ ഗോപകുമാറിന്റെയും ഗൗരിയുടെയും തുന്നിക്കൂട്ടിയ മൃതദേഹങ്ങളുമായി ആംബുലൻസുകൾ എത്തിയത്. ഗൗരിയുടെ സഹപാഠികളും അദ്ധ്യാപകരും നാട്ടുകാരും ഗോപകുമാറിന്റെ സുഹൃത്തുക്കളും അയൽവാസികളുമൊക്കെയായി വലിയൊരു ജനസഞ്ചയം വൈകുന്നേരത്തോടെ തന്നെ പ്രിയപ്പെട്ടവരെ അവസാനമായി ഒരുനോക്ക് കാണാൻ എത്തിച്ചേർന്നിരുന്നു.
ജി.എസ്.ജയലാൽ എം.എൽ.എ രാവിലെ തന്നെ സ്ഥലത്തെത്തി അനന്തരനടപടികൾക്ക് നേതൃത്വം നൽകി. മൂവരുടെയും മൃതദേഹങ്ങൾ ജില്ലാ ആശുപത്രി മോർച്ചറിയിൽ ഒന്നിന് പുറകേ ഒന്നായി പോസ്റ്റ് മോർട്ടത്തിനെത്തിയപ്പോഴും ബന്ധുക്കൾക്കും നാട്ടുകാർക്കും വിങ്ങലോടെയേ കാത്തുനിൽക്കാനായുള്ളൂ.
ഇംഗ്ലീഷിന് ഒഴികെ എല്ലാ വിഷയങ്ങൾക്കും 95 ശതമാനത്തിന് മുകളിൽ മാർക്ക് വാങ്ങിയ ഗൗരിയെന്ന പ്രിയവിദ്യാർത്ഥിനിയെ അവസാനമായി കാണാനെത്തിയ ക്ലാസ് ടീച്ചർ ഗീതാകുമാരിക്കും കണ്ണീരിന്റെ മറയിലൂടെയേ അവളെ നോക്കാനായുള്ളു. പ്രിൻസിപ്പൽ ഡി.പ്രമോദ് കുമാർ, വി.എച്ച്.എസ്.സി. പ്രിൻസിപ്പൽ എസ്.രാഖി, എച്ച്.എം. ഇൻചാർജ് ജസി വർഗീസ്, ജില്ലാ പഞ്ചായത്തംഗം ശ്രീജ ഹരീഷ്, ചാത്തന്നൂർ സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് ആർ.ദിലീപ്, മുൻ ജില്ലാപഞ്ചായത്തംഗം എൻ.രവീന്ദ്രൻ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു.
സിത്താര ജംഗ്ഷൻ എന്ന ചെറിയ ഗ്രാമത്തിന് ഇന്നലെ വിധി ദുഃഖം മാത്രം സമ്മാനിച്ച വെള്ളിയാഴ്ചയായിരുന്നു.