ഓച്ചിറ: ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിന് പടിഞ്ഞാറുവശം ലൈബ്രറി ജംഗ്ഷനിൽ പൊതുസ്ഥലത്ത് തള്ളിയിരിക്കുന്ന മാലിന്യക്കൂമ്പാരം ചീഞ്ഞളിഞ്ഞ് ദുർഗന്ധം പരക്കുന്നു. ഗവ.ഐ.ടി.ഐ, ഓച്ചിറ പബ്ലിക് ലൈബ്രറി, കേരള വാട്ടർ അതോറിട്ടി ഓഫീസ് എന്നിവ സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. സാമൂഹ്യ വിരുദ്ധർ രാത്രിയുടെ മറവിലാണ് മാലിന്യങ്ങൾ തള്ളുന്നത്. അറവുമാലിന്യങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ചീഞ്ഞളിഞ്ഞ് ദുർഗന്ധം വമിക്കുന്നതു കാരണം വഴിയാത്രക്കാരും നാട്ടുകാരും ഐ.ടി.ഐ വിദ്യാർത്ഥികളും വഴിനടക്കാൻ ബുദ്ധിമുട്ടുകയാണ്.
നടപടിവേണം
ദുർഗന്ധം അസഹ്യമായത് കാരണം വിദ്യാർത്ഥികളും അദ്ധ്യാപകരും മൂക്ക്പൊത്തിയാണ് ക്ലാസിലിരിക്കുന്നത്. ഈ മാലിന്യം കുഴിച്ചു മൂടാനും ഇവിടെ മാലിന്യം തള്ളുന്നത് തടയാനും അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പഞ്ചായത്ത് അധികൃതർക്ക് നിവേദനം നൽകി. മൂന്നു മാസം മുൻപ് മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചിരുന്നു. അന്ന് അഗ്നിശമനസേന എത്തിയാണ് തീ അണച്ചത്.
ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിൽ വൃശ്ചികോത്സവം ആരംഭിച്ചാൽ ഈ മാലിന്യക്കൂമ്പാരം പടിഞ്ഞാറെ ഗേറ്റ് വഴി എത്തുന്ന ഭക്ത ജനങ്ങളുടെ സുഗമമായ സഞ്ചാരത്തിന് തടസമാകും. മാലിന്യകൂമ്പാരം എത്രയും പെട്ടെന്ന് കുഴിച്ചു മൂടണം.
എൻ. വേലായുധൻ,
പൊതു പ്രവർത്തകൻ