 
എഴുകോൺ : പൊതു പണം പാഴാക്കുന്നതിന്റെ മറ്റൊരു മാതൃകയായി ശുചിത്വ മിഷന്റെ എയറോബിക് കമ്പോസ്റ്റ് യൂണിറ്റുകൾ. സ്കൂളുകൾ ഉൾപ്പെടെയുള്ള പൊതു സ്ഥാപനങ്ങളിൽ തുമ്പൂർമൂഴി മാതൃകയിൽ നിർമ്മിച്ചിട്ടുള്ള യൂണിറ്റുകൾ വർഷങ്ങളായി ഉപയോഗിക്കാതെ കിടന്ന് നശിക്കുകയാണ്. ജൈവ മാലിന്യം കമ്പോസ്റ്റാക്കുന്നതിനുള്ള സൂക്ഷ്മാണു ജീവി മിശ്രിതം ലഭ്യമല്ലാത്തതാണ് പ്രധാന പ്രശ്നം.
ജനകീയ പദ്ധതി
ജൈവ മാലിന്യങ്ങളുടെ ഉറവിട സംസ്കരണത്തിന് കേരള സർക്കാർ വിജയകരമായി നടപ്പാക്കിയതാണ് തുമ്പൂർമൂഴി എയറോബിക് കമ്പോസ്റ്റ് പദ്ധതി. ഫെറോ സിമന്റ് അഴികൾ കൊണ്ടുണ്ടാക്കിയ ചതുരപ്പെട്ടികൾ സ്ഥാപിച്ചാണ് മാലിന്യം സംസ്കരിക്കുന്നത്. നാലടി വീതം നീളവും വീതിയും ഉയരവുമുള്ള ചതുരപ്പെട്ടികളിൽ ഉണങ്ങിയ കരിയിലകൾക്കൊപ്പം അടുക്കള, കാർഷിക മാലിന്യങ്ങൾ നിറച്ച് സംസ്കരിക്കുന്ന രീതിക്ക് വലിയ പ്രചാരമാണ് ലഭിച്ചത്. തീർത്തും ദുർഗന്ധമില്ലാത്ത സംസ്കരണ രീതിയാണ് ഇതിനെ ജനകീയമാക്കിയത്.
ഇനോക്കുലവും കിട്ടാനില്ല
സൂക്ഷ്മാണു ജീവിയുടെ സാന്നിധ്യമാണ് സംസ്കരണത്തിലെ പ്രധാന ഘടകം. അതിനായി യൂണിറ്റുകൾ സ്ഥാപിക്കുന്ന ഘട്ടത്തിൽ കമ്പോസ്റ്റിംഗ് ടോണിക്കായ മിശ്രിതങ്ങൾ ശുചിത്വ മിഷൻ നൽകിയിരുന്നു. സൂക്ഷ്മ ജീവികൾ പ്രവർത്തിച്ച് കാർബൺ ഡയോക്സൈഡും ചൂടും ഉണ്ടാകുന്നതോടെയാണ് ജൈവ മാലിന്യങ്ങൾ ദ്രവിക്കുന്നത്. സൂക്ഷ്മാണു മിശ്രിതം ആവശ്യാനുസരണം കമ്പോളത്തിൽ ലഭിക്കാതെ വന്നതോടെയാണ് മാലിന്യം സംസ്കരിക്കാനാകാതെ യൂണിറ്റുകൾ പൂട്ടിയത്.
കാർഷിക സർവകലാശാല സൂക്ഷ്മ ജീവാണുക്കളെ ഉപയോഗിച്ച് ഇനോക്കുലം എന്ന പദാർത്ഥം വികസിപ്പിച്ചിട്ടുണ്ടെങ്കിലും അതും കിട്ടാനില്ല.
പരിശോധനകളിൽ അലംഭാവം
തദ്ദേശ സ്ഥാപനങ്ങൾ ശുചിത്വവുമായി ബന്ധപ്പെട്ട നിർബന്ധിത പദ്ധതിയായി തന്നെ എയറോബിക് മാലിന്യ സംസ്കരണ യൂണിറ്റുകൾ ഏറ്റെടുത്തിരുന്നു. വിദ്യാലയങ്ങളിലും ഓഫീസ് സമുച്ചയങ്ങളിലും ജില്ലാ താലൂക്ക് ഭരണ സിരാ കേന്ദ്രങ്ങളിലുമടക്കം തുമ്പൂർമൂഴികൾ സ്ഥാപിച്ചു.
ഉറവിട മാലിന്യ സംസ്കരണ പദ്ധതികൾ സക്രിയമാക്കുന്നതിന് നിരന്തരം പരിശോധനകൾ വേണമെന്ന ധാരണയും ഭരണ തലത്തിൽ ഉണ്ടായിരുന്നു. ഹരിത കേരള മിഷനും കുടുംബശ്രീക്കും ഇതിനായി പരിശീലനം നൽകണമെന്ന നിർദ്ദേശവുമുണ്ടായി. എന്നാൽ പ്രാവർത്തികമാക്കുന്നതിൽ വന്ന അലംഭാവമാണ് ഉറവിട മാലിന്യ സംസ്കരണ പദ്ധതി പരാജയപ്പെടുന്നതിന് പിന്നിൽ.
മാലിന്യ സംസ്കരണത്തിനാവശ്യമായ ലിക്വിഡ് തിരക്കി നിരവധി സ്ഥലങ്ങളിൽ പോയെങ്കിലും ഫലമുണ്ടായില്ല. ദുർഗന്ധം ഒഴിവാക്കി കമ്പോസ്റ്റ് നിർമ്മിക്കുന്നതിന് അത് കൂടിയേ തീരൂ.
പ്രഥമാദ്ധ്യാപിക,
കോ- ഓപ്പറേറ്റീവ് യു.പി എൽ.പി.എസ്., ഇരുമ്പനങ്ങാട്, എഴുകോൺ.