കൊല്ലം: കൊല്ലം എസ്.എൻ കോളേജ് ജംഗ്ഷനിലെ റെയിൽവേ ഗേറ്റിന് സമീപമുള്ള തട്ടുകടയിൽ പാചകവാതക സിലിണ്ടർ ചോർന്ന് തീപിടിച്ചു. മുണ്ടയ്ക്കൽ കൊട്ടോടി വീട്ടിൽ എം.ബാബുവിന്റെ ഉടമസ്ഥയിലുള്ള കട ഭാഗികമായി കത്തിനശിച്ചു. മിൽമ ബൂത്തിനൊപ്പം ചായക്കടയും പ്രവർത്തിച്ചിരുന്ന കടയിൽ ഇന്നലെ വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. കടയുടെ തൊട്ടടുത്തായി വേറെയും ബങ്കുകളും നിരവധി വാഹനങ്ങളും ഉണ്ടായിരുന്നു. ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടൽ കാരണം മറ്റ് കടകളിലേക്കും വാഹനങ്ങളിലേക്കും തീ പടർന്നില്ല. കടപ്പാക്കട ഫയർ സ്റ്റേഷനിൽ നിന്നുള്ള രണ്ട് യൂണിറ്റ് എത്തിയാണ് തീ കെടുത്തിയത്.