
കൊല്ലം: ബീച്ചിലും പട്ടണത്തിന്റെ വിവിധ ഭാഗങ്ങളിലും വയലിൻ വായിച്ചുനടന്ന കുരീപ്പുഴ സ്വദേശി അലോഷ്യസ് ഫെർണാണ്ടസ് (78) അന്തരിച്ചു. കുടുംബവുമായി അകന്നുകഴിഞ്ഞ അലോഷ്യസ് വെള്ളിയാഴ്ച വൈകിട്ടാണ് കോയിവിള ബിഷപ്പ് ജറോം അഗതിമന്ദിരത്തിൽ മരിച്ചത്.
സംസ്‌കാരം ഇന്ന് ഇരവിപുരം സെന്റ് ജോൺസ് വലിയപള്ളി സെമിത്തേരിയിൽ. നേരത്തെ വിദേശ എയർലൈൻസിൽ ജോലി ചെയ്‌തിരുന്ന അലോഷ്യസ് പിന്നീട് നാട്ടിലെത്തിയ ശേഷം വീട്ടുകാരുമായി അകന്നുകഴിയുകയായിരുന്നു. ബീച്ചിൽ വയലിൻ വായിച്ചുനടന്നിരുന്ന അലോഷ്യസ് എല്ലാവർക്കും സുപരിചിതനായിരുന്നു. കഴിഞ്ഞദിവസം ചിന്നക്കട ഹെഡ്‌പോസ്റ്റ് ഓഫീസിന് സമീപം അവശനിലയിൽ കണ്ടെത്തിയ ഇയാളെ പൊലീസ് ജില്ലാ ആശുപത്രിയിൽ എത്തിച്ചിരുന്നു. തുടർന്ന് അവിടെനിന്ന് പുറത്തിറങ്ങിയ അലോഷ്യസിനെ ശക്തികുളങ്ങരയിൽവച്ച് ജീവകാരുണ്യ പ്രവർത്തകരാണ് കോയിവിള അഗതിമന്ദിരത്തിൽ എത്തിച്ചത്. ഇന്നലെയാണ് മരിച്ചത്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.