ചവറ: കരിത്തുറയിൽ വീണ്ടും നായയുടെ ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. കരിത്തുറ ദേവാലയത്തിൽ കുർബാനയ്ക്ക് ശേഷം വെളിയിലേക്ക് വന്ന സാൻപിയോ ആശ്രമത്തിലെ ഫാ.ജയന്ത് മേരി ചെറിയാൻ, കരിത്തുറ മെറീന മന്ദിരത്തിൽ മെറീന, കരിത്തുറയ്ക്ക് സമീപമുള്ള നീണ്ടകര ഒന്നാം വാർഡിൽ ചിറയിൽ പുത്തൻവീട്ടിൽ പെത്രാസ് എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. എല്ലാവർക്കും കൈക്കും കാലിനും ആണ് കടിയേറ്റത്. വ്യാഴാഴ്ച ഈ നായ തന്നെയാണ് നിഹ ഗോഡ്‌സൺ എന്ന മൂന്നു വയസുകാരിയെയും കടിച്ചത്. നിഹയെ സർജറിക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഈ പ്രദേശത്ത് കഴിഞ്ഞ കുറച്ചു ദിവസമായി വ്യാപകമായി നായ്ക്കളെ കണ്ടുവരുന്നതായി പ്രദേശവാസികൾ പറയുന്നു. നായ്ക്കളെ മറ്റു പല ഭാഗങ്ങളിൽ നിന്നും ഈ ഭാഗത്ത് കൊണ്ട് ഇറക്കുന്നതായും നാട്ടുകാർ സംശയിക്കുന്നുണ്ട്. ബന്ധപ്പെട്ട അധികൃതത്തിൽ നിന്നും അടിയന്തരമായ ഇടപെടൽ ഉണ്ടാകണമെന്ന ആവശ്യം ശക്തമായി.