കുന്നത്തൂർ: കുന്നത്തൂർ, പവിത്രേശ്വരം പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കല്ലടയാറ്റിലൂടെയുള്ള കടത്ത് സർവീസ് നിലച്ചിട്ട് മാസങ്ങളായി. തൊഴിലാളികൾ ഉൾപ്പെടെ നൂറുകണക്കിന് സാധാരണക്കാരാണ് യാത്രാ ദുരിതത്തിൽ വലയുന്നത്. കല്ലടയാറ്റിൽ കുന്നത്തൂർ തോട്ടത്തുംമുറി 12-ാം വാർഡിൽപ്പെട്ട മൂന്നാം കിഴക്കതിൽ കടവിൽ നിന്ന് ചെറുപൊയ്കയിൽ എത്തുന്നതായിരുന്നു കടത്ത് സർവീസ്. തോട്ടത്തുംമുറി കല്ലുമൺ മലനട ക്ഷേത്രത്തിന്റെ പ്രധാന കരയായ ചെറുപൊയ്കക്കാർക്കും അവിടെയുള്ള മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് ഇരു പ്രദേശത്തുള്ളവർ എത്തുന്നതും കടത്ത് സർവീസിനെ ആശ്രയിച്ചായിരുന്നു. ചെറുപൊയ്കയിലെ കശുഅണ്ടി തൊഴിലാളികൾ കുന്നത്തൂർ കോർപ്പറേഷൻ ഫാക്ടറിയിൽ എത്തുന്നതും ഇതുവഴിയായിരുന്നു.
കടത്തില്ല, പക്ഷേ ഫെറിമാന് ശമ്പളം
കുന്നത്തൂർ പഞ്ചായത്തിന്റെ നിയന്ത്രണത്തിൽ രണ്ട് പതിറ്റാണ്ടിനപ്പുറം ആരംഭിച്ചതാണ് കടത്ത്. കടത്തുകാരന് ശമ്പളം നൽകുന്നതടക്കമുള്ള ചെലവുകൾ വഹിച്ചിരുന്നതും പഞ്ചായത്താണ്. എന്നാൽ കടത്ത് നിലച്ചിട്ടും ഫെറിമാന് ശമ്പളം ലഭിക്കുന്നുണ്ടെന്നാണ് വിവരം.
പരാതികൾക്ക് ഫലമില്ല
കടത്ത് നിലച്ചിട്ട് നാളുകൾ ഏറെയായെങ്കിലും യാതൊരു നടപടിയുമില്ല. പഞ്ചായത്ത് അധികൃതരെയും എം.എൽ.എയും ഉൾപ്പെടെ നാട്ടുകാർ പരാതി അറിയിച്ചിട്ടും ഫലമുണ്ടായില്ല. കടത്ത് നിലച്ചിതിനാൽ ഇരുപ്രദേശങ്ങളിലേക്കും കുന്നത്തൂർ ആറ്റുകടവ് ജംഗ്ഷൻ,പുത്തൂർ പഴവറ വഴി കിലോമീറ്ററുകൾ ചുറ്റിത്തിരിയണം. ബസ് സൗകര്യം കുറവായതിനാൽ ഓട്ടോറിക്ഷക്കാർക്ക് വലിയ തുക നൽകി വേണം യാത്ര ചെയ്യാൻ. അല്ലെങ്കിൽ കിലോമീറ്റുകളോളം നീളുന്ന കാൽനട യാത്ര തന്നെ ശരണം.
കടത്ത് സർവീസ് അടിയന്തരമായി പുനരാരംഭിക്കുവാൻ കുന്നത്തൂർ പഞ്ചായത്ത് അധികൃതർ നടപടിയെടുക്കണം. രണ്ട് പഞ്ചായത്തുകളിലെ ഗ്രാമപ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന കടത്ത് നിറുത്തലാക്കാനുള്ള കാരണവും അധികൃതർ വ്യക്തമാക്കണം. ഇനിയും നടപടിയില്ലെങ്കിൽ നാട്ടുകാരെ അണിനിരത്തി ശക്തമായ സമര പരിപാടികൾ ആരംഭിക്കും.
ഹരി പുത്തനമ്പലം,
യൂത്ത് കോൺഗ്രസ്,
കുന്നത്തൂർ മണ്ഡലം പ്രസിഡന്റ്)