എഴുകോൺ : ജനങ്ങളുടെ ജീവിത പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടാൻ പിണറായി വിജയനും കൂട്ടരും ഗവർണറെ മറയാക്കുകയാണെന്ന് അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ.സവിൻ സത്യൻ പറഞ്ഞു. വിലക്കയറ്റത്തിനെതിരെ കോൺഗ്രസ് എഴുകോൺ മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അരി വില കുതിച്ചുയരുമ്പോൾ സർക്കാർ നിഷ്ക്രിയരായി നോക്കി നിൽക്കുകയാണ്. ജനങ്ങളെ രക്ഷിക്കാൻ വിപണിയിൽ ഇടപെടേണ്ട സിവിൽ സപ്ലൈസ് കോർപ്പറേഷനും ഹോർട്ടികോർപ്പും പരാജയപ്പെട്ടിരിക്കുകയാണ്. കേരളത്തിൽ അരിയ്ക്ക് തീ വിലയായിട്ടും അരിമില്ല് മാഫിയകൾക്ക് വേണ്ടി കേരള സർക്കാർ നെല്ല് സംഭരണം അട്ടിമറിച്ചെന്നും സവിൻ ആരോപിച്ചു. മണ്ഡലം പ്രസിഡന്റ് എസ്.എച്ച്. കനകദാസ് അദ്ധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രതീഷ് കിളിത്തട്ടിൽ, ടി.ആർ.ബിജു, ബിജു ഫിലിപ്പ്, എം.രവീന്ദ്രൻ, പി.എസ്.അദ്വാനി, എസ്.സുനിൽകുമാർ, മാറനാട് ബോസ്, ബീനാ മാമച്ചൻ, സുഹർബാൻ, മഞ്ജുരാജ്, അഖിൽ, അരുൺ ടി.ധർ, ബോണി ചീരങ്കാവിൽ, ജസ്റ്റിൻ തുടങ്ങിയവർ പ്രസംഗിച്ചു.