noushad-

കൊല്ലം: ഇരവിപുരം മേൽപ്പാലനിർമ്മാണം ദ്രുതഗതിയിൽ പുരോഗമിയ്ക്കുകയാണെന്ന് എം.നൗഷാദ് എം.എൽ.എ പറഞ്ഞു. പൈൽ ഫുട്ടിംഗുകളുടെയും പിയർക്യാപ് ബീമുകളുടെയും നിർമ്മാണം പൂർത്തിയായി. ബീമുകളുടെ മുകളിൽ ഗർഡർ സ്ഥാപിയ്ക്കുന്നതിനുള്ള ഫാബ്രിക്കേഷൻ പ്രവർത്തികളാണ് ഇപ്പോൾ നടക്കുന്നത്. സൈറ്റ് സന്ദർശിച്ച അദ്ദേഹം നിർമ്മാണപുരോഗതി വിലയിരുത്തി. പാലം നിർമ്മാണം മാർച്ചോടെ പൂർത്തീകരിയ്ക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് എം.എൽ.എ പറഞ്ഞു.

റെയിൽവേ പോർഷൻ നിർമ്മാണത്തിന് കരാറായി. അവരുടെ നിർമ്മാണം ഉടൻ തുടങ്ങുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഇതിന് മുന്നോടിയായി റെയിൽവേയും നിർവഹണ ഏജൻസിയായ റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോർപറേഷനുമായുള്ള സംയുക്ത സൈറ്റ് പരിശോധനയും പൂർത്തിയായി.

കരാറുകാരൻ നിർമ്മാണം വൈകിപ്പിയ്ക്കുന്നു എന്ന ആരോപണത്തിൽ കഴമ്പില്ല. പാലം യാഥാർത്ഥ്യമാകരുതെന്ന് ആഗ്രഹിയ്ക്കുന്നവർ രാഷ്ട്രീയ ലക്ഷ്യത്തോടെ കുറ്റം കണ്ടെത്താൻ ശ്രമിയ്ക്കുന്നു.നിർമ്മാണോദ്ഘാടനം നടന്നപ്പോൾ ഇലക്ഷൻ സ്റ്റണ്ട് ആണെന്നവർ പറഞ്ഞു. ഇപ്പോൾ നിർമ്മാണം തുടങ്ങിയപ്പോൾ കാലതാമസം എന്ന് കുറ്റപ്പെടുത്തുന്നു. എന്നാൽ ജനങ്ങൾ കാര്യങ്ങൾ മനസ്സിലാക്കി പൂർണമായി സഹകരിയ്ക്കുന്നുണ്ടെന്നും നൗഷാദ് പറഞ്ഞു.

മേൽപ്പാലം

2016ലെ ബജറ്റിൽ പ്രഖ്യാപിച്ചു

നീളം-412 മീറ്റർ

വീതി- 10.05 മീറ്റർ

കിഫ്ബിയിൽ നിന്നും അനുവദിച്ച തുക 37.14 കോടി

നിർമ്മാണത്തിന്-27.45 കോടി

സ്ഥലം ഏറ്റെടുക്കുന്നതിന്-9.69 കോടി

നിർവഹണ ഏജൻസി- റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ

കരാർ എസ്.പി.എൽ ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡിന്

സ്റ്റീൽ കോംപോസിറ്റ് സ്ട്രക്ചർ രീതിയിൽ നിർമ്മാണം.