 നേടിയത് മൂന്ന് സ്വർണം

കൊല്ലം: വേഗട്രാക്ക് കീഴടക്കി മൂന്ന് സ്വർണവുമായി അഞ്ചൽ വെസ്റ്റ് ​ഗവ. എച്ച്.എസ്.എസിലെ എ.അശ്വിൻ മിന്നും താരമായി. പ്ലസ് ടു സയൻസ് വിദ്യാർത്ഥിയായ അശ്വിന്റെ ആദ്യത്തേയും അവസാനത്തേതുമായ ജില്ലാ സ്കൂൾ മീറ്റിലാണ് ഈ നേട്ടം.

സീനിയർ ആൺകുട്ടികളുടെ വിഭാ​ഗത്തിൽ 400 മീറ്റർ, 800 മീറ്റർ, 1500 മീറ്റർ ഓട്ടമത്സരങ്ങളിലാണ് അശ്വിൻ പൊന്നണിഞ്ഞത്. 4x400 മീറ്റർ റിലേയിലും അശ്വിൻ പങ്കെടുക്കുന്നുണ്ട്. സ്കൂൾ കായിക മേളയിൽ ആദ്യമായാണ് അശ്വിൻ മത്സരിക്കുന്നത്.

അഞ്ചൽ അയിലറ സ്വദേശിയാണ്. അശ്വിന്റെ നേതൃത്വത്തിൽ അഞ്ചൽ ഉപജില്ലാ മത്സരത്തിൽ ഇത്തവണ ആദ്യമായി അഞ്ചൽ വെസ്റ്റ് ​ഗവ. എച്ച്.എസ്.എസ് കിരീടവും നേടി. ​ഗ്രൗണ്ടില്ലാത്തതിനാൽ അഞ്ചൽ സെന്റ് ജോൺസ് കോളേജിലാണ് അശ്വിന്റെ പരിശീലനം. കായികാദ്ധ്യാപകനായ സുകൃതിന്റെ പ്രോത്സാഹനമാണ് അശ്വിന് പിന്തുണ. നാഷണൽ ഡിഫൻസ് അക്കാഡമി പരീക്ഷയെഴുതി നേവിയിൽ ചേരുകയാണ് അശ്വിന്റെ സ്വപ്നം. അച്ഛൻ അനിൽകുമാർ എൽ.ഐ.സിയിലാണ്. അമ്മ രേഖ.

10 പേർക്ക് ഇരട്ട സ്വർണം

കായിക മേള ഒരു ദിനം ബാക്കി നിൽക്കെ ഇരട്ട സ്വർണം നേടിയവരും നിരവധിയാണ്. മെൽബെൻ ബെന്നി, (500മീറ്റർ, 800 മീറ്റർ) അബിമോൻ (110 മീറ്റർ,​ 400 മീറ്റർ),​ ഷെറിൻ തങ്കം ജോർജ് (400 മീറ്റർ,​ 100 മീറ്റർ) ജോജി അന്ന ജോൺ. (ലോഗ് ജംപ്, ഹൈ ജംപ്). നിരഞ്ജന കൃഷ്ണൻ (ഷോട്ട് പുട്ട്, ഡിസ്ക്കസ്ത്രോ). ആതിര.എസ്.നായർ (800 മീറ്റർ,​ 1500 മീറ്റർ) മുഹമ്മദ് അർഷാദ് (100 മീറ്റർ,​ ലോംഗ് ജംപ്), ട്രോയി.എം.എസ്.ഹെൻസൺ, (100 മീറ്റർ, 400 മീറ്റർ),​ എയ്ഞ്ചൽ ജോയി (600 മീറ്റർ,​ 800 മീറ്റർ),​ എൻ.ദിയാ (ലോംഗ് ജംപ്,​ 100 മീറ്റർ) എന്നിവരാണ് ഇരട്ട സ്വർണം നേടിയത്.