ചാത്തന്നൂർ: ദേശീയപാതയിൽ കൊട്ടിയം സിത്താര ജംഗ്ഷന് സമീപം ബൈക്കിൽ ട്രെയിലർ ലോറി കയറിയിറങ്ങി അച്ഛനും മകളും കൊല്ലപ്പെട്ട സംഭവത്തിൽ ലോറി ഡ്രൈവറെ കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ബീഹാർ അരിയാനി ഷെർവാർ വരുണാ വാർഡ് 10 ൽ യോഗേന്ദ്രയാദവിന്റെ മകൻ ഗൗരവ് കുമാറാണ് (24) റിമാൻഡിലായത്. വെള്ളിയാഴ്ച രാവിലെ 8.20 ഓടെ ദേശീയപാതയിൽ സിത്താര ജംഗ്ഷന് സമീപം നടന്ന അപകടത്തിൽ ബൈക്ക് യാത്രികരായ സിത്താര ജംഗ്ഷൻ വാഴവിള വീട്ടിൽ ഗോപകുമാർ (56), മകൾ ഗൗരി (17) എന്നിവർ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചിരുന്നു. ചാത്തന്നൂർ ജി.വി.എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായിരുന്ന ഗൗരിയെ സ്കൂളിലേയ്ക്ക് ബൈക്കിൽ കൊണ്ടുപോകവേ ആയിരുന്നു അപകടം.
ഇന്നലെ രാത്രി 8 ഓടെ ഗൗരവ് കുമാറിനെ മജിസ്ട്രോറ്റിന്റെ ഔദ്യോഗിക വസതിയിൽ ഹാജരാക്കുകയായിരുന്നു. മനപൂർവമല്ലാത്ത നരഹത്യയ്ക്കും അലക്ഷ്യമായി വാഹനമോടിച്ചതിനുമാണ് ഇയാൾക്കെതിരെ കേസെടുത്തതെന്ന് കൊട്ടിയം പൊലീസ് പറഞ്ഞു.