photo
പുത്തൂരിൽ അപകടത്തിൽപ്പെട്ട ബസ്

പുത്തൂർ: പുത്തൂരിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് സ്വകാര്യ പുരയിടത്തിലെ റബർ മരത്തിൽ ഇടിച്ചുനിന്നു. അഞ്ച് പേർക്ക് നിസാര പരിക്ക്. പരിക്കേറ്റവരെ പുത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊട്ടാരക്കര നിന്ന് കരുനാഗപ്പള്ളിയ്ക്ക് പോയ സ്വാതി ബസാണ് അപകടത്തിൽപ്പെട്ടത്. റോഡ് നിർമ്മാണത്തിന്റെ ഭാഗമായി പുത്തൂർ ടൗണിൽ റോഡ് അടച്ചിരിക്കുന്നതിനാൽ പൂവറ്റൂർ റോഡ് വഴി ഞാങ്കടവിലൂടെ കരുനാഗപ്പള്ളി ഭാഗത്തേക്ക് പോകാനുള്ള ശ്രമത്തിനിടെയാണ് ബസ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച്ച വൈകിട്ടാണ് സംഭവം. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയിൽ ബസ് നിയന്ത്രണംവിട്ട് തെന്നിമാറി സ്വകാര്യ പുരയിടത്തിലേക്ക് കടക്കുകയായിരുന്നു. മരത്തിൽ ഇടിച്ച് നിന്നതുകൊണ്ടാണ് വലിയ അപകടം ഒഴിവായത്. ബസിന്റെ മുൻഭാഗം തകർന്നു. ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അമിത വേഗതയാണ് അപകടത്തിന് കാരണമെന്നും പറയുന്നു. പുത്തൂർ പൊലീസ് കേസെടുത്തു.