
കൊല്ലം: നിർമ്മാണ സാമഗ്രികൾ എത്തിക്കുന്നതിന് തടസ്സം നേരിട്ടതിനെ തുടർന്ന് കരാറുകാരൻ ഉപേക്ഷിച്ചു പോയ മൺറോത്തുരുത്തിലെ കൊന്നയിൽകടവ് പാലത്തിന്റെ നിർമ്മാണ അനിശ്ചിതത്വം നീങ്ങുന്നു.
കോവൂർ കുഞ്ഞുമോൻ എം. എൽ എ യുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ എസ്റ്റിമേറ്റിന്റെ കൂടുതൽ വിശദാംശങ്ങൾ ശേഖരിക്കാൻ കിഫ്ബി, കെ.ആർ.എഫ്. ബി ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ചു. നിർദിഷ്ട പാലത്തിന്റെ ഇരുകരകളും മെറ്റിരിയൽസ് കൊണ്ടുവരുന്നതിനുളള സാദ്ധ്യതകളും സംഘം പരിശോധിച്ചു. പരിശോധനയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന എസ്റ്റിമേറ്റിന് ഉടൻ അംഗീകാരം നൽകുമെന്ന് സംഘം അറിയിച്ചു. കിഫ്ബി എക്സിക്യൂട്ടീവ് ഡയറക്ടർ കെ. പി. പുരുഷോത്തമൻ, പ്രോജക്ട് മാനേജർ ടി. രാജീവൻ, കെ.ആർ. എഫ്. ബി എക്സിക്യൂട്ടീവ് എൻജിനിയർ വി.ടി.രാഹുൽ, അസി. എൻജിനിയർ പ്രിയ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു. പാലം നിർമ്മാണത്തിനായി 32 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് കെ.ആർ.എഫ്.ബി ഉദ്യോഗസ്ഥർ നേരത്തെ തയ്യാറാക്കിയിരുന്നു.
തടസമായത് കൂടുതൽ തുകയും റെയിൽവേയും
മൺറോത്തുരുത്ത് നിവാസികളുടെ ദീർഘകാല ആവശ്യമായ പാലത്തിന്റെ നിർമ്മാണത്തിന് 2018ൽ കരാറായതാണ്. അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന ജി.സുധാകരൻ നിർമ്മാണ ഉദ്ഘാടനവും നിർവഹിച്ചു. 28 കോടി രൂപയ്ക്ക് കരാറെടുത്ത് ജോലികൾ ആരംഭിച്ചെങ്കിലും അസംസ്‌കൃത വസ്‌തുക്കൾ എത്തിക്കുന്നതിന് റെയിൽവേ തടസം നിന്നതോടെ കരാറുകാരൻ ജോലി ഉപേക്ഷിച്ചു.
അഷ്ടമുടിയിൽ പ്ലാന്റ് സ്ഥാപിച്ച് 1.5 കിലോമീറ്റർ ജങ്കാർ വഴി കോൺക്രീറ്റ് ഉൾപ്പെടെയുള്ള അസംസ്‌കൃത വസ്‌തുക്കൾ കൊണ്ടുവന്ന് നിർമ്മാണം പൂർത്തിയാക്കുന്ന രീതിയിൽ പുതുക്കിയ എസ്റ്റിമേറ്റ് സമർപ്പിച്ചെങ്കിലും തുക കൂടുതലായതു കാരണം അംഗീകരിച്ചില്ല. അസംസ്‌കൃത വസ്‌തുക്കളുടെ ഉപയോഗം കുറച്ച് ആധുനിക സാങ്കേതിക വിദ്യ ഉൾക്കൊള്ളിച്ച് വേഗത്തിൽ നിർമ്മിക്കുന്നതിനുള്ള സാദ്ധ്യത കൂടി പരിശോധിച്ചാണ് 32 കോടിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിച്ചത്.
............................................................
പാലത്തിന്റെ നീളം - 130 മീറ്റർ
നടപ്പാലം 92ലെ പ്രളയത്തിൽ ഒഴുകിപ്പോയി
മൺറോത്തുരുത്തിനെ പെരിങ്ങാലം സ്കൂളുമായി ബന്ധിപ്പിക്കുന്ന ഏകമാർഗം
ഇപ്പോൾ ആശ്രയം കടത്തുതോണിയും കാൽനടയും