
കൊല്ലം: ആഫ്രിക്കൻ രാജ്യമായ ഗിനിയയിലെ നാവികസേന അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽ വച്ച് അറസ്റ്റ് ചെയ്ത ഹീറോയിക്ക് ഐഡം ഓയിൽ ടാങ്കർ കപ്പലിലെ വിജിത്ത്.വി.നായർ അടക്കമുള്ളവരെ മോചിപ്പിക്കാൻ സത്വര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എൻ.കെ.പ്രേമചന്ദ്രൻ എം.പി കേന്ദ്ര വിദേശകാര്യമന്ത്രിക്കും ഗിനിയയിലെ ഇന്ത്യൻ എംബസിക്കും ഇ - മെയിൽ സന്ദേശം നൽകി.
സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യചെയ്ത നിലമേലിലെ വിസ്മയയുടെ സഹോദരനാണ് കപ്പലിലെ തേർഡ് ഓഫീസറായ വിജിത്ത്. കോട്ടയം മുളവുകാട് പൊന്നാരിമംഗലം നെട്ടശേരിൽ വീട്ടിൽ മിൾട്ടൺ ഡിക്കൗഡ്, സുൽത്താൻ ബത്തേരി പാറപ്ലാക്കൽ വീട്ടിൽ സനുജോസ് എന്നിവരാണ് കപ്പലിലെ മറ്റു രണ്ടു മലയാളികൾ.
ഇവരടക്കം 26 ഇന്ത്യക്കാരും പത്തു വിദേശികളുമാണ് ആഗസ്റ്റിൽ പിടിയിലായത്.
നൈജീരിയൻ സർക്കാരിന്റെ നിർദ്ദേശ പ്രകാരം അറസ്റ്റ് ചെയ്ത കപ്പൽ ജീവനക്കാരെ നൈജീരിയയ്ക്ക് കൈമാറാതെ നാട്ടിലെത്തിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.
നോർവേ ആസ്ഥാനമായ ഹീറോയിക് ഐഡം എന്ന കപ്പൽ ആഗസ്റ്റ് എട്ടിനാണ് നൈജീരിയയിലെ എ.കെ.പി.ഒ ടെർമിനലിൽ ക്രൂഡ് ഓയിൽ നിറയ്ക്കാൻ എത്തിയത്. സമീപത്തേക്ക് വന്ന നൈജീരിയൻ നേവി കപ്പൽ നൽകിയ നിർദ്ദേശങ്ങൾ അനുസരിക്കാതെ അന്താരാഷ്ട്ര പാതയിലേക്ക് പാഞ്ഞതിന്റെ പേരിലാണ് ഗിനിയൻ നേവിയെക്കൊണ്ട് അറസ്റ്റ് ചെയ്യിപ്പിച്ചത്.
സമീപത്തേക്ക് വന്നത് കടൽക്കൊള്ളക്കാരുടെ കപ്പലാണെന്ന് തെറ്റിദ്ധരിച്ചാണ് എണ്ണ കപ്പൽ അന്താരാഷ്ട്ര സമുദ്രാതിർത്തിയിലേക്ക് രക്ഷപ്പെട്ടത്. കപ്പലിലെ നാവികരിൽ കുറച്ചുപേർ ഇപ്പോൾ കരയിലും കുറച്ചുപേർ കപ്പലിലുമാണ്. വിജിത്ത്.വി.നായർ ഉൾപ്പെടെയുള്ള നാവികരെ നൈജിരീയയ്ക്ക് കൈമാറണമെന്നാണ് ആ രാജ്യം ആവശ്യപ്പെടുന്നത്.
രക്ഷാശ്രമം തുടരുന്നു:
മന്ത്രി വി. മുരളീധരൻ
ന്യൂഡൽഹി: ഗിനിയയിൽ നാവികസേനയുടെ പിടിയിലായ മലയാളികൾ ഉൾപ്പെടെ 26 അംഗസംഘത്തെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ ശ്രമം തുടരുകയാണെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ അറിയിച്ചു. ജീവനക്കാരെ കസ്റ്റഡിയിലെടുത്ത ആഗസ്റ്റ് മുതൽ വിദേശകാര്യമന്ത്രാലയവും എംബസിയും ചർച്ചകൾ തുടരുകയാണ്.
നൈജീരിയൻ സർക്കാരുമായും ചർച്ച നടത്തിയെന്നും അവർക്ക് വിട്ടുകൊടുക്കാതെ ഗിനിയയിൽ നിന്ന് നേരിട്ട് നാട്ടിലെത്തിക്കാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു.