 
പടിഞ്ഞാറേ കല്ലട: കടപുഴ ജംഗ്ഷൻ പരാധീനതകളാൽ വീർപ്പുമുട്ടുകയാണ്. കൊല്ലം- തേനി ദേശീയപാതയിൽ നിന്ന് പടിഞ്ഞാറേ കല്ലട പഞ്ചായത്തിലേക്കുള്ള ഒരു പ്രധാന പ്രവേശന കവാടം കൂടിയാണ് ഇവിടെ. ദിനംപ്രതി നൂറുകണക്കിന്ആളുകളാണ് ഇവിടെ നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നത്. യാത്രക്കാരും നാട്ടുകാരും നേരിടുന്ന ദുരിതങ്ങൾക്ക് അധികൃതർ പരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുകയാണ്
ഹൈമാസ്റ്റ് ലൈറ്റ് കത്തുന്നില്ല
കടപുഴ ജംഗ്ഷനിൽ എം.എൽ.എ ഫണ്ടിൽ നിന്ന് ലക്ഷങ്ങൾ ചെലവഴിച്ച് സ്ഥാപിച്ചഹൈമാസ്റ്റ് ലൈറ്റ് കത്താതായിട്ട് മാസങ്ങളായി. .രാത്രി കടകൾ അടച്ചു കഴിഞ്ഞാൽ ഇവിടം കൂരിരുട്ടിലാണ്.
അഡ്വ.ബി.ത്രിദീപ്കുമാർ ,
മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
കടപുഴ പാലം ഇരുട്ടിൽ
നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന കല്ലടയാറിനു കുറുകേയുള്ള കടപുഴ പാലത്തിൽ ലൈറ്റുകൾ കത്താതായിട്ട് മാസങ്ങളാകുന്നു. സന്ധ്യ കഴിഞ്ഞാൽ സാമൂഹ്യവിരുദ്ധരുടെയും മദ്യപാനികളുടെയും മദ്യ വില്പനക്കാരുടെയും ശല്യം കാരണം സ്ത്രീകളും കുട്ടികളും വളരെ ഭീതിയോടെയാണ് ഇതുവഴി യാത്ര ചെയ്യുന്നത്.
ജി .ശിവകുമാർ ,
പ്രസിഡന്റ് ,കല്ലട സൗഹൃദം കൂട്ടായ്മ.
പാലത്തിൽ കാമറയും കമ്പിവേലിയും സ്ഥാപിക്കണം
രാത്രി സമയത്ത് വാഹനങ്ങളിൽ കൊണ്ടുവരുന്ന അറവു മാലിന്യങ്ങൾ പാലത്തിൽ നിന്ന് കല്ലടയാറ്റിലേക്ക് വലിച്ചെറിയുന്നത് പതിവാണ്. കൂടാതെ അടുത്തകാലത്തായി നിരവധിപേർ കടപുഴ പാലത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തിരുന്നു.പാലത്തിന്റെ ഇരുവശത്തും ഉയരത്തിൽ കമ്പിവേലിയും സി.സി.ടി.വി കാമറയും സ്ഥാപിക്കണം.
ജെ.സി. പിള്ള
കല്ലട പ്രവാസി കൂട്ടായ്മ അംഗം
കടപുഴ
വെയിറ്റിംഗ് ഷെഡില്ല
കടപുഴ ജംഗ്ഷനിൽ നിന്ന് കുണ്ടറ ഭാഗത്തേയ്ക്കുള്ളയാത്രക്കാർക്ക് ഇവിടെ ഒരു വെയിറ്റിംഗ് ഷെഡില്ല. വെയിലും മഴയും കൊണ്ട് ഇരിക്കാൻ പോലും ഇടമില്ലാതെ കൈകുഞ്ഞുങ്ങളുമായി വരുന്ന സ്ത്രീകൾ അടക്കമുള്ള യാത്രക്കാർ അനുഭവിക്കുന്ന ദുരിതം ഏറെയാണ്.
സുനിൽ ബി.പെരുമന
ഓട്ടോ ഡ്രൈവർ കടപുഴ
ജംഗ്ഷനിൽ ഡിവൈഡർ സ്ഥാപിക്കണം
അടുത്തകാലത്തായി തെറ്റായ ദിശയിലൂടെ കയറിവന്ന വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് അപകട മരണങ്ങളാണിവിടെ സംഭവിച്ചത്. ജംഗ്ഷനിൽ നിന്ന് കാരാളിമുക്ക് ഭാഗത്തേയ്ക്കുള്ള റോഡിന്റെ വശങ്ങളിലെ അനധികൃത പരസ്യ ബോർഡുകളും മറ്റും നീക്കം ചെയ്തും ഡിവൈഡർ സ്ഥാപിച്ചും അപകടങ്ങൾ ഒഴിവാക്കണം
കെ.സുധീർ ,
ഗ്രാമപഞ്ചായത്ത് അംഗം
പടി: കല്ലട