photo
കൊട്ടാരക്കര- പുത്തൂർ റോഡിലെ മുസ്ളീം സ്ട്രീറ്റ് ഭാഗം

കൊട്ടാരക്കര: മഴ നിറുത്താതെ പെയ്ത്ത് തുടങ്ങിയതോടെ കൊട്ടാരക്കര- പുത്തൂർ റോഡിൽ ദുരിതമേറി. അപകടങ്ങളും തുടർക്കഥ. കുണ്ടും കുഴിയുമായ റോഡിൽ മഴ വെള്ളം കെട്ടിനിൽക്കുന്നതാണ് അപകടമുണ്ടാക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ 4 ഇരുചക്ര വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്.

അധികൃതർ ശ്രദ്ധിക്കുന്നില്ല

കൊട്ടാരക്കര മുസ്ളീം സ്ട്രീറ്റ് ഭാഗത്താണ് കൂടുതൽ കുഴികൾ. ഇവിടെ പാലത്തിനോട് ചേർന്നുള്ള ഭാഗത്തും ലക്ഷ്മി ബേക്കറിയ്ക്ക് മുന്നിലും വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ഏറെക്കാലമായി റോഡിൽ തകർച്ചയുള്ള ഭാഗമാണ് ഇവിടം. പലതവണ അറ്റകുറ്റപ്പണികൾ നടത്തിയിട്ടും ഫലമുണ്ടായില്ല. തട്ടിക്കൂട്ട് സംവിധാനത്തിലൂടെ അറ്റകുറ്റപ്പണി നടത്തി ബില്ല് മാറിയെടുക്കുന്നതല്ലാതെ റോഡിലെ കുഴികൾ മാറുന്നേയില്ല. രാത്രികാലങ്ങളിലാണ് കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്നത്. ഇരുചക്ര വാഹനങ്ങൾ കുഴിയിൽപ്പെട്ട് മറിയുകയാണ്. ഇവിടെ കുഴികൾ അടയ്ക്കാൻ സംവിധാനമുണ്ടാക്കണമെന്നത് പൊതു ആവശ്യമായിട്ടും അധികൃതർ ശ്രദ്ധിക്കുന്നില്ല. കോട്ടാത്തല പണയിൽ, പത്തടി ഭാഗങ്ങളിൽ തോടിനോട് ചേരുന്ന ഭാഗം ഇടിഞ്ഞുതള്ളുന്ന നിലയിലാണ്. ചിലയിടത്ത് കാട് മൂടിയിട്ടുണ്ട്.

ഫണ്ടുണ്ട്, ഫലമില്ല

കിഫ്ബിയിൽ ഉൾപ്പെടുത്തിയാണ് ശാസ്താംകോട്ട മുതൽ - കൊട്ടാരക്കര - നീലേശ്വരം -കോടതി സമുച്ചയം റോഡിന്റെ നിർമ്മാണം ആരംഭിച്ചത്. 20.80 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്. തുടക്കംമുതൽ തന്നെ റോഡ് നിർമ്മാണം വിവാദമായിരുന്നു. എക്സി. എൻജിനിയറടക്കം നാല് പ്രധാന ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയുമുണ്ടായി. എന്നിട്ടും റോഡ് നിർമ്മാണക്കാര്യത്തിൽ പരിഹാരമുണ്ടായില്ല. നിർമ്മാണ ജോലികൾ പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടു. മന്ത്രി കെ.എൻ.ബാലഗോപാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും യോഗം വിളിച്ച് ചേർത്തെങ്കിലും കാര്യമായ ഗുണമുണ്ടായില്ല.

മണ്ഡലക്കാലത്തിന് മുന്നോടിയായി റോഡുകളുടെ അറ്റകുറ്റപ്പണികൾ നടത്താറുണ്ട്. എന്നാൽ കൊട്ടാരക്കര- പുത്തൂർ റോഡിൽ ഇതിന്റെ ജോലികളും തുടങ്ങുന്നില്ല. മുസ്ളീം സ്ട്രീറ്റ് ഭാഗത്തെ കുഴികൾ അടയ്ക്കാനെങ്കിലും അധികൃതർ താത്പര്യമെടുക്കണം.

വി.വിനയകുമാർ,

പി.ടി.എ പ്രസിഡന്റ്,

കോട്ടാത്തല യു.പി സ്കൂൾ