pukayila

കൊല്ലം: കരുനാഗപ്പള്ളിയിൽ വീട്ടിൽ വിൽപ്പനയ്ക്കായി സംഭരിച്ചിരുന്ന അഞ്ചുലക്ഷം രൂപയിലേറെ വില വരുന്ന 15,000 പായ്ക്കറ്റ് ലഹരിവസ്തുക്കൾ എക്സൈസ് പിടികൂടി. കൊല്ലം എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിലുള്ള സംഘം കുലശേഖരം ആദിനാട് വടക്ക് മുറിയിൽ നസി മൻസിലിൽ നിസാമിന്റെ (48) വീട്ടിൽ നിന്നാണ് ലഹരിവസ്തുക്കൾ പിടിച്ചെടുത്തത്. കൊല്ലം അസി. എക്സൈസ് കമ്മിഷണർ വി.റോബർട്ടിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സർക്കിൾ ഇൻസ്‌പെക്ടറെ കൂടാതെ പ്രിവന്റീവ് ഓഫീസർ മനു, സിവിൽ എക്സൈസ് ഓഫീസർമാരായ അജീഷ് ബാബു, കാഹിൽ, ശ്രീനാഥ്, വനിത സിവിൽ എക്‌സൈസ് ഓഫീസർമാരായ ജി.ഗംഗ, എസ്.ജാസ്മിൻ, ഡ്രൈവർ സുഭാഷ് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.