sankar

കൊല്ലം: മുൻ മുഖ്യമന്ത്രി ആർ.ശങ്കറിന്റെ 50-ാം ചരമ വാർഷികാചരണത്തിന് തുടക്കമായി. എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ ആസ്ഥാനത്തെ ആർ.ശങ്കറിന്റെ ഛായാചിത്രത്തിന് മുന്നിൽ ഇന്നലെ കൊല്ലം യൂണിയൻ പ്രസിഡന്റും ആർ. ശങ്കറിന്റെ മകനുമായ മോഹൻ ശങ്കർ ദീപം തെളിച്ചു. യോഗം കൗൺസിലർ പി.സുന്ദരൻ അദ്ധ്യക്ഷനായി. കൊല്ലം യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. രാത്രി പതിനൊന്നരയ്ക്ക് കൊല്ലം സിംസ് അങ്കണത്തിലെ ആർ.ശങ്കറിന്റെ സ്മൃതികുടീരത്തിൽ കുടുംബാംഗങ്ങൾ പുഷ്പാർച്ചന നടത്തി.

ഇന്നു രാത്രി 7.30ന് എസ്.എൻ. ട്രസ്റ്ര് മെഡിക്കൽ മിഷന്റെ ആഭിമുഖ്യത്തിൽ കൊല്ലം സിംസ് അങ്കണത്തിൽ സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആമുഖ പ്രഭാഷണം നടത്തും. മന്ത്രി വീണാ ജോർജ് അദ്ധ്യക്ഷത വഹിക്കും. യോഗം ബോർഡ് അംഗം പ്രീതി നടേശൻ ഭദ്രദീപം തെളിക്കും. എൻ.കെ.പ്രേമചന്ദ്രൻ എം.പി, മേയർ പ്രസന്ന ഏണസ്റ്റ് എന്നിവർ മുഖ്യപ്രഭാഷണം നടത്തും. യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ സ്കോളർഷിപ്പുകൾ വിതരണം ചെയ്യും. എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി.ജയദേവൻ, യോഗം കൗൺസിലർ പി. സുന്ദരൻ, കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, സെക്രട്ടറി എൻ.രാജേന്ദ്രൻ, ശങ്കേഴ്സ് ആശുപത്രി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം അനിൽ മുത്തോടം തുടങ്ങിയവർ സംസാരിക്കും.

ആർ. ശങ്കറിന്റെ ജന്മസ്ഥലമായ പുത്തൂർ പാങ്ങോട്ട് നിന്ന് കൊല്ലത്തേക്ക് ഇന്ന് ദീപശിഖാറാലി നടക്കും. ചിന്നക്കട ആർ.ശങ്കർ സ്ക്വയറിലെത്തിയശേഷം വൈകിട്ട് മൗനജാഥയായി സിംസിലെ സ്മൃതികുടീരത്തിലേക്ക് പോകും. ഇന്നു രാവിലെ 10ന് കെ.പി.സി.സി ആസ്ഥാനത്ത് ആർ.ശങ്കറിന്റെ ഛായാചിത്രത്തിന് മുന്നിൽ നേതാക്കൾ പുഷ്പാർച്ചന നടത്തും.