ഓച്ചിറ : എ.ശങ്കു സ്മാരക സാംസ്കാരിക കേന്ദ്രത്തിന്റെ ഉദ്ഘാടനം കെ.സി.വേണുഗോപാൽ എം.പി നിർവഹിച്ചു. 25 വർഷക്കാലം ആലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായും 50 വർഷക്കാലം ഓച്ചിറ പരബ്രഹ്മക്ഷേത്രം ഖജാൻജിയായും പ്രവർത്തിച്ച എ.ശങ്കു മനസുകൊണ്ട് ജനങ്ങളെ സ്നേഹിക്കുകയും അവരുടെ അവകാശങ്ങൾക്കു വേണ്ടി പോരാടുകയും ചെയ്ത മഹാപ്രതിഭയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അഴീക്കൽ പാലം ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ആലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു. ഉല്ലാസ് അദ്ധ്യക്ഷനായി. ബസ് ബേയുടെയും വെയിറ്റിംഗ് ഷെഡിന്റെയും ഉദ്ഘാടനം സി.ആർ. മഹേഷ് എം.എൽ. എ നിർവഹിച്ചു. എ. ശങ്കുവിന്റെ ഫോട്ടോ അനാശ്ചാദനം ഓച്ചിറ ക്ഷേത്ര ഭരണ സമിതി സെക്രട്ടറി അഡ്വ. കെ ഗോപിനാഥൻ നിർവഹിച്ചു. മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ എം.സോളമൻ നെറ്റോ, ടി.ലീലാ ഭായി, ജി. രാജദാസ്,ആർ.രാജ പ്രിയൻ, പി.സെലീന, മുൻ വാർഡ് മെമ്പർ ആർ.ബേബി എന്നിവരെ കെ.സി. വേണുഗോപാൽ എം.പി ആദരിച്ചു. ഭക്തദർശൻ ശങ്കു സ്വാഗതം പറഞ്ഞു.
ടി.ഷൈമ, നിഷ അജയകുമാർ, ഷെർളി ശ്രീകുമാർ, എസ്.ഷിജി, ഹജിത, മായ അഭിലാഷ്, വാലേൽ പ്രേമചന്ദ്രൻ, സി.ബേബി, എൻ.ബിജു, ഷിബു പഴനിക്കുട്ടി, പ്രേംകുമാർ, ഡി.പ്രസാദ്, ആർ.ജയമോൻ തുടങ്ങിയവർ പ്രസംഗിച്ചു.