vima

കൊല്ലം: കൊല്ലം ബൈപ്പാസിൽ കുരീപ്പുഴ ടോൾ പ്ലാസയ്ക്ക് സമീപം വിമാനമെത്തിയത് നാട്ടുകാർക്കും യാത്രക്കാർക്കും കൗതുകമായി. കഴിഞ്ഞ ദിവസം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സ്വകാര്യ വ്യക്തി ലേലത്തിൽ പിടിച്ച വിമാനം ഹൈദരാബാദിലേക്ക് റോഡ് മാർഗം കൊണ്ടുപോകും വഴി ഞായറാഴ്ച പുലർച്ചെ അഞ്ചിനാണ് ബൈപ്പാസിലെത്തിയത്.

ടോൾ പ്ലാസയ്ക്ക് 100 മീറ്റർ അകലെയായിരുന്നു രാവിലെ വിമാനമടങ്ങിയ വാഹനം പാർക്ക് ചെയ്തിരുന്നത്. വിമാനത്തിന്റെ ഭാഗങ്ങൾ കടന്നുപോകുന്നത് സാധാരണ ഗതാഗതത്തെ ബാധിക്കാതിരിക്കാൻ ട്രെയിലർ ലോറിയിലാണ് കൊണ്ടുപോകുന്നത്. വിമാനമെത്തിയതറിഞ്ഞ് നൂറ് കണക്കിന് പേരെത്തിയത് ബൈപ്പാസിലെ ഗതാഗതത്തെ ബാധിച്ചു. 30 വർഷം മുമ്പ് ആകാശത്ത് പറന്ന എയർ ബസ് എ 320 വിമാനം കാലാവധി കഴിഞ്ഞതിനാൽ 2018 മുതൽ തിരുവനന്തപുരം വിമാനത്താവളത്തിലെ ഹാങ്ങർ യൂണിറ്റിൽ ഇട്ടിരിക്കുകയായിരുന്നു.

നാല് വർഷത്തോളം എൻജിനിയറിംഗ് വിദ്യാർത്ഥികൾ പഠനത്തിന് ഉയോഗിച്ചു. ഇനി ഉയോഗിക്കാനാകില്ലെന്ന് കണ്ടതോടെ പൊളിച്ച് വിൽക്കാൻ തീരുമാനിച്ചു. തുടർന്ന് നടന്ന ലേലത്തിൽ ഹൈദരാബാദ് സ്വദേശിയായ ജോഗിന്ദർ സിംഗ് 75 ലക്ഷം രൂപയ്ക്ക് വിമാനം സ്വന്തമാക്കി. ഹൈദരാബാദിലെത്തിക്കുന്ന വിമാനം ഹോട്ടലാക്കി മാറ്റുകയാണ് ലക്ഷ്യം. വിമാനം പൊളിച്ച് നാല് ട്രെയിലറുകളിലായാണ് കൊണ്ടുപോകുന്നത്.

ഓരോ ദിവസവും 30 കിലോമീറ്റർ മാത്രമാണ് സഞ്ചരിക്കുക. വിമാന കമ്പനിയുടെ 20 ജീവനക്കാർ ട്രെയിലറിലുണ്ട്. ഇവരെല്ലാം ഇതര സംസ്ഥാനക്കാരാണ്. പൊലീസെത്തിയാണ് വിമാനം കാണാനെത്തിയവരുടെ തിരക്ക് നിയന്ത്രിച്ചത്.