p-a-aziz-padam

കൊല്ലം: സാമ്പത്തിക മോഹികൾക്കുള്ള ലവണമായും അവർക്കുള്ള താവളമായും രാഷ്ട്രീയത്തെവിട്ടുകൊടുക്കാൻ പാടില്ലെന്നും, അത് സമൂഹത്തോട് ചെയ്യുന്ന വലിയ തെറ്റായിരിക്കുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. മുൻ ഡി.സി.സി.പ്രസിഡന്റും, പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പി.എ.അസീസിന്റെ 43​ാം ചരമവാർഷികത്തോടനുബന്ധിച്ച് കൊല്ലൂർവിള പള്ളിമുക്കിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദേശിയ തലത്തിലും സംസ്ഥാന തലത്തിലും ഇന്ന് ഒരേ പോലെയാണ് കാര്യങ്ങൾ നടക്കുന്നത്. ഒരിടത്ത് സ്വർണമാണെങ്കിൽ മറ്റൊരിടത്ത് മയക്കുമരുന്നാണ്. നമ്മുടെ സമ്പത്ത് അടിച്ചെടുക്കുന്നവർക്കെതിരെ ജന മനസ് ഉയരണം. സാധാരണക്കാർക്ക് നീതി കൊടുക്കാൻ ശ്രദ്ധിക്കേണ്ട പൊതുപ്രവർത്തകർ കിട്ടിയ അധികാരവും അവസരവും സ്വന്തം പാർട്ടിയിലേക്ക് തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുന്നത് രാഷ്ട്രിയത്തിലെ കൊള്ളയാണ്.മനുഷ്യസ്നേഹിയായ, പ്രലോഭനങ്ങൾക്ക് കീഴടങ്ങാത്ത നിസ്വാത്ഥനയായ നേതാവായിരുന്നു പി.എ.അസീസെന്നും അദ്ദേഹം പറഞ്ഞു.പി.എ.അസീസ് സ്മാരക സമിതി പ്രസിഡന്റ് അഡ്വ.എ.ഷാനവാസ് ഖാൻ അദ്ധ്യക്ഷനായി.വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള എൻഡോവ്മെന്റുകൾ ഡി.സി.സി.പ്രസിഡന്റ് പി.രാജേന്ദ്ര പ്രസാദ് വിതരണം ചെയ്തു.എൻ.കെ.പ്രേമചന്ദ്രൻ എം.പി സ്മരണിക പ്രകാശനം നിർവഹിച്ചു. ജില്ലാ യു.ഡി.എഫ് ചെയർമാൻ കെ.സി.രാജൻ, നാസർ അസീസ്, എൻ.അഴകേശൻ, എ.കെ.ഹഫീസ്, പ്രൊഫ.ഇ.മേരീ ദാസൻ, കോയിവിള രാമചന്ദ്രൻ, എസ്.വിപിനചന്ദ്രൻ, എം.നാസർ, അഹമ്മദ് കോയ, എം.ഭാസ്കരൻ എന്നിവർ സംസാരിച്ചു.