
കൊല്ലം: ഗായികയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ കൊച്ചിൻ അമ്മിണി (80, മേരി ജോൺ) നിര്യാതയായി. കൊല്ലം മുളങ്കാടകം മുതിരപ്പറമ്പ് പള്ളിക്ക് സമീപത്തെ ഫ്ളാറ്റിൽ വാടകയ്‌ക്കായിരുന്നു താമസം.
തോപ്പുംപടി കൂട്ടുങ്കൽ വീട്ടിൽ അഗസ്റ്റിൻ ബെർണാഡിന്റെയും മറിയക്കുട്ടിയുടെയും രണ്ട് മക്കളിൽ ഇളയവളായി 1942ലാണ് ജനിച്ചത്. സ്‌കൂൾ നാളുകളിൽ തന്നെ കലാവേദികളിൽ സജീവമായി. 12-ാം വയസിൽ നാടക വേദിയിലെത്തി. ഫോർട്ടുകൊച്ചി സ്വദേശിയായ വർഗീസ് ആശാന്റെ 'ജീവിത മത്സരം' എന്ന നാടകത്തിലൂടെയായിരുന്നു തുടക്കം. കെ.പി.എ.സിയുടെ 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി" എന്ന നാടകത്തിന് പുറമേ നിരവധി ട്രൂപ്പുകളിലായി നൂറോളം നാടകങ്ങളിൽ അമ്മിണി നടിയും ഗായികയുമായി.
ബഹദൂറിന്റെ ജോഡിയായി 'കണ്ടം ബച്ച കോട്ട്' എന്ന സിനിമയിൽ അഭിനയിച്ചു. 'തോക്കുകൾ കഥ പറയുന്നു' എന്ന ചിത്രത്തിൽ സത്യന്റെ അമ്മയായി പിന്നീട് വേഷമിട്ടു. നിരവധി സിനിമകളിൽ അഭിനയിച്ചു. 2011ൽ 'ദി ഹണ്ടർ' എന്ന മലയാളമുൾപ്പെടെ മൂന്ന് ഭാഷയിൽ ഇറങ്ങിയ ചിത്രത്തിൽ നസ്‌റുദീൻ ഷായുടെ അമ്മയായാണ് ഒടുവിൽ വേഷമിട്ടത്. ശാരദയുടെ ആദ്യ മലയാള ചിത്രമായ 'ഇണപ്രാവ്' എന്ന സിനിമയിലാണ് ഡബ്ബിംഗ് ആർട്ടിസ്റ്റായുള്ള അരങ്ങേറ്റം. സിനിമകൾക്ക് വേണ്ടിയും ഗാനങ്ങൾ ആലപിച്ചു.
സംഗീത നാടക അക്കാഡമി പുരസ്‌കാരം, തിക്കുറിശ്ശി സ്‌മാരക പുരസ്‌കാരം, ഒ.മാധവൻ പുരസ്‌കാരം, സ്വരലയ, സർഗ, കാളിദാസ കലാകേന്ദ്രം എന്നിവയുടെ പ്രതിഭാവന്ദന പുരസ്‌കാരം, ശ്രീകൃഷ്ണ നാട്യ സംഗീത അക്കാഡമി പുരസ്‌കാരം തുടങ്ങി നിരവധി അവാർഡുകൾ ലഭിച്ചു. ഭർത്താവ് പരേതനായ ജോൺ ക്രൂസ്. മകൾ: എയ്ഞ്ചൽ റാണി.