phot

പുനലൂർ: ആര്യങ്കാവ് മുരുകൻ പാഞ്ചാലിയിലെ കഴുതുരുട്ടി ആറ്റുതീരത്ത് തമിഴ്നാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തിയത് കൊലപതകമെന്ന് തെളിഞ്ഞു. നാല് പ്രതികളിൽ ഒരാളെ ജില്ലാ റൂറൽ പൊലീസ് മേധവിയുടെയും പുനലൂർ ഡിവൈ.എസ്.പിയുടെയും നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.

തമിഴ്നാട് ചെമ്പട്ടി സ്വദേശി അടൈക്കളത്തെയാണ് (30) ചെങ്കോട്ടയിൽ നിന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ബുധാഴ്ചയാണ് ചെങ്കോട്ട കാലൻകര എ.കെ.അപ്പാർട്ട് മെന്റിൽ അൻപഴകന്റെ (40) മൃതദേഹം ആറ്റുതിരത്ത് കണ്ടത്. മൃതദേഹത്തിൽ നിന്ന് ലഭിച്ച തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് തമിഴ്നാട് പൊലീസിന്റെ സഹായത്തോടെ തെന്മല പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമെന്ന് തെളിഞ്ഞത്. മരിച്ച അൻപഴകന്റെ ഭാര്യയും ഫൈസൽ എന്നയാളും തമ്മിൽ ബന്ധമുണ്ടെന്നാരോപിച്ച് വാക്കേറ്റവും അടിപിടിയുമുണ്ടായിരുന്നു. തുടർന്ന് ഫൈസൽ അടൈക്കളത്തിന്റെ സഹായത്തോടെ അൻപഴകനെ കൊലപ്പെടുത്തിയ ശേഷം കാറിൽ ആര്യങ്കാവിലെത്തിച്ച് ആറ്റുതീരത്ത് തള്ളുകയായിരുന്നു. ഫൈസൽ അടക്കം മൂന്ന് പ്രതികളെ പിടികൂടാനുണ്ടെന്നും അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമൻഡ് ചെയ്തെന്നും തെന്മല എസ്.ഐ.സുബിൻ തങ്കച്ചൻ പറഞ്ഞു.