 
ചാത്തന്നൂർ: വേളമാനൂർ- നെട്ടയം റോഡിന്റെ നിർമ്മാണത്തിന്റെ മറവിൽ വശങ്ങളിലെ സ്വകാര്യപുരയിടവും നിലവും മണ്ണിട്ട് നികത്തുന്നതായി ആക്ഷേപം. ഉണ്ണിത്താംവീട് വാതുക്കലിൽ റോഡ് ആരംഭിക്കുന്നതിന് സമീപത്തെ നിലം നികത്തിയ പുരയിടത്തിലുൾപ്പടെ ഇത്തരത്തിൽ മണ്ണിട്ടുയർത്തി. നെട്ടയം ഭാഗത്ത് റോഡ് നിരപ്പാക്കുന്നതിന്റെ ഭാഗമായി നീക്കം ചെയ്ത മണ്ണാണ് നികത്തനായി ഉപയോഗിക്കുന്നത്. റോഡിന്റെ വശങ്ങളിൽ കരിങ്കൽ ഭിത്തികെട്ടി ഉയർത്തി മണ്ണിട്ട് നിറയ്ക്കേണ്ട ജോലികൾക്ക് പകരമാണ് നാട്ടുകാരുടെ കണ്ണിൽ പൊടിയിട്ട് സ്വാകാര്യവ്യക്തികളെ സഹായിക്കുന്നത്. ഇത്തരത്തിൽ മണ്ണിട്ടുയർത്തുന്നതോടെ ഒഴുകിയെത്തുന്ന മഴവെള്ളം തൊട്ടടുത്ത വീടുകളിൽ കയറാനിടയാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും മണ്ണ് നീക്കം ചെയ്യാനോ പാർശ്വഭിത്തി നിർമ്മിക്കാനോ കരാറുകാർ തയാറാകുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.
കല്ലുവാതുക്കൽ പഞ്ചായത്ത് അധികൃതർ ആവശ്യപ്പെട്ടിട്ടും ഉന്നത രാഷ്ട്രീയ പിൻബലമുള്ള കരാറുകാരൻ ധാർഷ്ട്യം തുടരുകയാണെന്നും നാട്ടുകാർ ആരോപിക്കുന്നു. എം.എൽ.എ ഫണ്ടിൽ നിന്ന് 1.25 കോടി രൂപ ചെലവഴിച്ചാണ് റോഡ് പുനർനിർമ്മിക്കുന്നത്.
''എം.പി ഫണ്ടിലും ജില്ലാപഞ്ചായത്തിന്റെ പ്രധാനമന്ത്രി ഗ്രാമീൺ സഡക്ക് യോജനയിലും റോഡ് നിർമ്മിക്കാമെന്ന രണ്ട് നിർദ്ദേശങ്ങലുണ്ടായിരുന്നെങ്കിലും എം.എൽ.എ ഫണ്ടിലൂടെയുള്ള നിർമ്മാണം മതിയെന്ന പഞ്ചായത്തംഗത്തിന്റെ നിർദ്ദേശം അംഗീകരിക്കുകയായിരുന്നു"
- എസ്. സുദീപ, കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
''പഞ്ചായത്ത് അസി. എൻജിനീയറോട് റോഡിന്റെ ലെവൽ മാർക്ക് എടുക്കാൻ നിർദേശിച്ചിട്ടുണ്ട്. ഇത് ലഭ്യമായാലുടൻ നിർമ്മാണ പ്രവർത്തനം വിലയിരുത്തും."- എസ്.സത്യപാലൻ, വൈസ് പ്രസിഡന്റ്