al
കുളവാഴകളും ,കുറ്റിക്കാടുകളും, മാലിന്യങ്ങളും നിറഞ്ഞ പാറപ്പുറം കോളനി

തഴവ: 1990ന് ശേഷം തഴവ പാറപ്പുറം കോളനിയിലേക്ക് വികസനം എത്തിനോക്കിയിട്ടില്ല. ഇപ്പോൾ അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാതെ വലയുകയാണ് കോളനിവാസികൾ. സംസ്ഥാന പട്ടികജാതി വികസന കോർപ്പറേഷന്റെ സഹകരണത്തോടെയാണ് കുറ്റിപ്പുറത്തിന് തെക്കുവശത്തായി പാറപ്പുറം കോളനി സ്ഥാപിച്ചത്. പഞ്ചായത്ത് പ്രദേശത്തെ 19 നിർദ്ധന ഹരിജൻ കുടുംബങ്ങളായിരുന്നു അന്ന് കോളനിയിലുണ്ടായിരുന്നത്.

ചതുപ്പും കാടും

പഞ്ചായത്തിലെ 14-ാം വാർഡിൽ തഴവയൽത്തോടിനോട് ചേർന്നുള്ള ചതുപ്പ് സ്ഥലമാണ് അന്ന് വീട് നിർമ്മാണത്തിനായി തിരഞ്ഞെടുത്തത്. അവിടം ജനവാസ യോഗ്യ മേഖലയല്ലെന്ന പരാതി ആദ്യഘട്ടം മുതൽ ഉണ്ടായിരുന്നതാണ്. കോളനിയോട് ചേർന്ന് കിടക്കുന്ന ചതുപ്പ് സ്ഥലങ്ങളിൽ വേനൽക്കാലത്ത് പോലും കുളവാഴകൾ വളർന്ന് കിടക്കും. കൂടാതെ കോളനിയുടെ കിഴക്ക് വശത്ത് ക്ഷേത്രവുമായി ബന്ധപ്പെട്ട കാടിന് സംരക്ഷണ ഭിത്തി ഇല്ലാത്തത് കാരണം ഇഴജന്തുക്കളുടെ ശല്യവും ഉണ്ട്. നേരം വൈകിയാൽ കോളനി പരിസരം ഇരുട്ടിലാകും. ഇവിടെ ഒരു ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണമെന്നതും കോളനിവാസികളുടെ ഏറെ നാളത്തെ ആവശ്യമാണ്.

വർഷത്തിൽ രണ്ട് തവണ വീടുവിട്ട് പോകണം

മഴക്കാലത്ത് തഴവയൽത്തോട് കരകവിഞ്ഞൊഴുകുന്നത് കാരണം വർഷത്തിൽ രണ്ട് തവണയെങ്കിലും ഇവർക്ക് വീട് ഉപേക്ഷിച്ച് പോകേണ്ട സ്ഥിതിയാണ്. വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി കിഴക്ക് പടിഞ്ഞാറായി ഓട നിർമ്മാണം നടത്തിയെങ്കിലും അതുവഴി ഇപ്പോൾ കോളനിയിലേക്ക് മലിനജലം കയറുന്ന അവസ്ഥയാണ്.

ഇടവഴികളല്ലാതെ റോഡില്ല

പുതിയകാവ് - ചക്കുവള്ളി റോഡിൽ കുറ്റിപ്പുറം ജംഗ്ഷന് നൂറ് മീറ്റർ മാത്രം തെക്കുവശത്താണ് പാറപ്പുറം കോളനിയുള്ളത്. എന്നാൽ വിവിധ ഇടവഴികളിലൂടെ ഒന്നര കിലോമീറ്ററിലധികം യാത്ര ചെയ്താൽ മാത്രമേ കോളനിവാസികൾക്ക് പ്രധാന റോഡിലെത്താൻ കഴിയു. പ്രധാന റോഡിൽ നിന്ന് 150 മീറ്റർ നീളമുള്ള ഒരു പൊതു വഴി തഴവയൽ തോടിന് സമാന്തരമായുണ്ടെങ്കിലും അത് റോഡാക്കി ഉയർത്തുവാൻ നടപടിയില്ല.

അധികൃതരുടെ അനാസ്ഥ

2020-21 സാമ്പത്തിക വർഷം പൊതു വഴി റോഡാക്കുന്നതിനായി എസ്.സി ഫണ്ടിൽ നിന്ന് തുക അനുവദിച്ചെങ്കിലും റോഡിന്റെ ആദ്യ ഗുണഭോക്താവ് ജനറൽ വിഭാഗമാണെന്ന സാങ്കേതിക കാരണത്താൽ നിർമ്മാണ അനുമതി ലഭിച്ചില്ല. ഇവിടെ പൊതു വികസന ഫണ്ട് ഉപയോഗിച്ച് റോഡ് നിർമ്മാണം നടത്തിയാൽ യാത്രാ ദുരിതം പരിഹരിക്കാമെന്നിരിക്കെ ഇക്കാര്യത്തിലും തികഞ്ഞ അനാസ്ഥയാണ് തുടരുന്നത്.