bus

 ബസുകൾ കൂട്ടിയിടിപ്പിച്ച് ഡ്രൈവർമാരുടെ കലിപ്പ്

കൊല്ലം: സമയക്രമത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് കുണ്ടറയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിപ്പിച്ച് ഡ്രൈവർമാർ കലിപ്പ് തീർത്തു! കുണ്ടറ റൂട്ടിൽ സർവീസ് നടത്തുന്ന അന്നൂർ, ഫെയർ ബസുകളാണ് കൂട്ടിയിടിപ്പിച്ചത്. ഈ സമയം ബസിൽ യാത്രക്കാരുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. ആദ്യം അന്നൂർ അമിതവേഗത്തിൽ പിന്നോട്ടെടുത്ത് ഫെയറിന്റെ മുൻഭാഗത്ത് ഇടിക്കുകയായിരുന്നു. തൊട്ടുപിന്നാലെ ഫെയർ കറങ്ങിത്തിരിഞ്ഞെത്തി അന്നൂറിന്റെ മുൻഭാഗത്ത് ഇടിച്ച് പ്രതികാരം തീർത്തു. കുണ്ടറ ഇളമ്പള്ളൂർ ജംഗ്ഷനിൽ ഇന്നലെ രാവിലെ 8.30ഓടെയായിരുന്നു സംഭവം. മോട്ടോർ വാഹന വകുപ്പ് നിശ്ചയിച്ച സമയക്രമം പ്രകാരം അന്നൂർ ബസാണ് ഇളമ്പള്ളൂർ ജംഗ്ഷനിൽ ആദ്യമെത്തേണ്ടത്. സമയക്രമം തെറ്റിച്ച് ഫെയർ ബസ് ആദ്യമെത്തിയതാണ് പ്രശ്നത്തിനിടയാക്കിയത്. ഇരു ബസുകളിലെയും ജീവനക്കാർ തമ്മിലുണ്ടായ തർക്കത്തിനിടെയാണ് അന്നൂർ ബസ് പിന്നോട്ടെടുത്ത് ഇടിച്ചത്. ഈ സമയം ഇരുബസുകളിലും യാത്രക്കാർ ഉണ്ടായിരുന്നു. ഫെയറിന്റെ മുൻഭാഗത്ത് ഈ സമയം യാത്രക്കാർ ഉണ്ടായിരുന്നില്ല. പിന്നിലുണ്ടായിരുന്ന യാത്രക്കാരെ ഇറക്കിയ ശേഷം ഫെയർ ബസ് മുന്നോട്ടെടുത്ത് കറങ്ങിത്തിരിഞ്ഞെത്തിയാണ് അന്നൂർ ബസിന്റെ മുന്നിലിടിച്ചത്. ബോധപൂർവം സൃഷ്ടിച്ച അപകടത്തിൽ ഇരുബസുകളുടെയും മുൻഭാഗത്തെ ചില്ലുകൾ തകർന്നു. ബോഡിക്കും കേടുപാടുണ്ടായി.

ഫിറ്റ്നസും ലൈസൻസും റദ്ദാക്കി

സംഭവത്തിന് പിന്നാലെ ഇരുബസുകളും സർവീസ് അവസാനിപ്പിച്ചു. ഫെയർ ബസിലെ ജീവനക്കാർ പകർത്തിയ ദൃശ്യങ്ങൾ വൈറലായതോടെയാണ് മോട്ടോർ വാഹന വകുപ്പ് അന്വേഷണം ആരംഭിച്ചത്. ഇരു ബസുകളുടെയും ഫിറ്റ്നസും ഡ്രൈവർമാരുടെ ലൈസൻസും റദ്ദാക്കി. പെർമിറ്റ് റദ്ദാക്കാനുള്ള നടപടികളും ആരംഭിച്ചു. ബസുകൾ കസ്റ്റഡിയിലെടുത്ത കുണ്ടറ പൊലീസ് ബോധപൂർവം അപകടം സൃഷ്ടിച്ചതിന് ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും പേരിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.