photo
എസ്.എൻ.ഡി.പി യോഗം ആർ.ശങ്കർ സ്മാരക കൊട്ടാരക്കര യൂണിയൻ സംഘടിപ്പിച്ച ആർ.ശങ്കർ അനുസ്മരണ സമ്മേളനം അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കഴമ്പില്ലാത്ത എതിർപ്പുകൾക്ക് മുന്നിൽ നട്ടെല്ല് നിവർത്തി നിന്ന നേതാവാണ് ആർ.ശങ്കറെന്ന് അടൂർ പ്രകാശ് എം.പി പ്രസ്താവിച്ചു. എസ്.എൻ.ഡി.പി യോഗം ആർ.ശങ്കർ സ്മാരക കൊട്ടാരക്കര യൂണിയൻ സംഘടിപ്പിച്ച ആർ.ശങ്കർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ ഗുരുദേവന്റെ ആശയങ്ങളെയും സന്ദേശങ്ങളെയും പ്രവൃത്തിപദത്തിൽ എത്തിച്ച് സമുദായവും രാഷ്ട്രീയവും കോർത്തിണക്കി ദീർഘവീക്ഷണത്തോടെ അദ്ദേഹം മുന്നോട്ടുപോയപ്പോൾ പലരെയും അലോസരപ്പെടുത്തി. ആർ.ശങ്കറെന്ന വ്യക്തിപ്രഭാവം അവസാനിപ്പിക്കാനും മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റാനും ശ്രമിച്ച ഒത്തിരിപ്പേരുണ്ട്. എന്നാൽ നട്ടെല്ല് നിവർത്തിനിന്ന് ശങ്കർ മറുപടി പറഞ്ഞപ്പോൾ ആരോപണങ്ങൾ ആവിയായിപ്പോയി. അത്രത്തോളം ശക്തിയും ശേഷിയും ബുദ്ധിയും ശങ്കറിനുമുണ്ടായിരുന്നു. കോൺഗ്രസിന് അപചയം സംഭവിച്ച കാലഘട്ടമായിരുന്നു അത്. അതിന്റെയൊക്കെ കണ്ണികൾ ശേഷിക്കുന്നുമുണ്ട്. ഒരുവേളയിൽ അടൂർപ്രകാശും കെ.ബാബുവും വേണ്ടെന്ന് ചിന്തിച്ചവരാെക്കെ ശങ്കറെ വേട്ടയാടിയതിന്റെ പിൻമുറക്കാരാണെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു.