കൊല്ലം: ആർ.ശങ്കറിന്റെ അൻപതാം അനുസ്മരണ ദിനത്തിൽ ജന്മനാടായ പുത്തൂർ പാങ്ങോട് നിന്നുള്ള ദീപശിഖ പ്രയാണത്തിന് ഊഷ്മള വരവേൽപ്പ്. രാവിലെ പാങ്ങോട് ശങ്കേഴ്സ് ആശുപത്രി അങ്കണത്തിൽ (ശങ്കറിന്റെ ജന്മഗൃഹം നിന്നിരുന്ന സ്ഥലം) നടന്ന ചടങ്ങിൽ എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ ദീപശിഖ തെളിച്ച് യൂണിയൻ അത്‌ലറ്റുകൾക്ക് കൈമാറി. തുടർന്ന് ദീപശിഖ പ്രയാണത്തിന് വിവിധ കേന്ദ്രങ്ങളിൽ ശാഖകളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ സ്വീകരണം നൽകി. 11ഓടെ കൊട്ടാരക്കര യൂണിയൻ ആസ്ഥാന മന്ദിരത്തിലെത്തി. അനുസ്മരണ സമ്മേളനത്തിന് ശേഷം ദീപശിഖ പ്രയാണം പുനരാരംഭിച്ചു. തുടർന്ന് യൂണിയൻ അതിർത്തിയായ ആറുമുറിക്കടയിൽ നിന്ന് കുണ്ടറ യൂണിയൻ ഭാരവാഹികൾ ദീപശിഖ ഏറ്റുവാങ്ങി. കേരളപുരത്ത് നിന്ന് കൊല്ലം യൂണിയൻ ഭാരവാഹികളും എസ്.എൻ ട്രസ്റ്റ്, മെഡിക്കൽ മിഷൻ ഭാരവാഹികളും ചേർന്ന് ഏറ്റുവാങ്ങി. വൈകിട്ടോടെ കൊല്ലം ശങ്കേഴ്സ് ആശുപത്രി വളപ്പിലെ സ്മൃതി മണ്ഡപത്തിലെത്തിച്ചു.