കരുനാഗപ്പള്ളി: സി.ബി.എസ്.സി വേണാട് സഹോദയ കലോത്സവത്തിൽ തേവലക്കര സ്ട്രാറ്റ്ഫോഡ് പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളേജ് ഓവറോൾ ചാമ്പ്യൻമാരായി. 98 ഇനങ്ങളിൽ നടത്തിയ മത്സരത്തിൽ 856 പോയിന്റ് നേടിയാണ് സ്കൂൾ ചാമ്പ്യൻഷിപ്പ് നിലനിറുത്തിയത്. കൂടാതെ കലോത്സവത്തിൽ സംഗീത,സാഹിത്യ , പാരമ്പര്യ കലാ,നാടകം എന്നിവയിൽ മികച്ച പ്രകടനത്തിനുള്ള പ്രത്യേക അവാർഡുകളും മൂന്ന്, നാല് കാറ്റഗറികളിൽ ഓവറോൾ ചാമ്പ്യൻഷിപ്പും നേടി. വേണാട് സഹോദയ പ്രസിഡന്റ് ഡോ.ഷാജഹാന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമാപന സമ്മേളനത്തിൽ വിശിഷ്ടാതിഥിയായി യദുകൃഷ്ണ പങ്കെടുത്തു. ജയലാൽ എം.എൽ.എ വിജയികൾക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. കരിക്കോട് ടി.കെ.എം സെന്റിനറി സ്കൂളിന് രണ്ടാം സ്ഥാനവും കലയ്ക്കോട് ഐശ്വര്യ പബ്ലിക് സ്കൂളിന് മൂന്നാം സ്ഥാനവും ലഭിച്ചു. വേണാട് സഹോദയ രക്ഷാധികാരി ഡോ.വി.കെ.ജയകുമാർ, സ്ട്രാറ്റ്ഫോഡ് പബ്ലിക് സ്കൂൾ ചെയർമാൻ അസീസ് കളീലിൽ, നെടുങ്ങോലം എസ്.എൻ.സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ ഹരി, വേണാട് സഹോദയ ജനറൽ കൺവീനർ മൈക്കിൾ ഷിനോ ജസ്റ്റസ് , ടി.കെ .എം സ്കൂൾ പ്രിൻസിപ്പൽ സബൂറ ബീഗം, ഓക്സ് ഫോഡ് സ്കൂൾ പ്രിൻസിപ്പൽ മമ്മികുട്ടി, സ്ട്രാറ്റ് ഫോഡ് പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ വിജി വിനായക് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. നാഷണൽ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ നാസിം സൈൻ യോഗത്തിന് നന്ദി പറഞ്ഞു.