
കൊല്ലം: സമഗ്ര വികസനത്തിലേക്ക് കുതിക്കുന്ന കുണ്ടറയിലെ ദി കേരള സിറാമിക്സ് ലിമിറ്റഡിന്റെ പുനരധിവാസ ഭവന നിർമ്മാണ പദ്ധതി യാഥാർത്ഥ്യമായി.
കളിമൺ ഖനനത്തിനായുള്ള ഭൂമി കമ്പനി ഏറ്റെടുത്തപ്പോൾ നൽകിയ വാഗ്ദാനമാണ് പാലിക്കപ്പെടുന്നത്. കോളനി പ്രദേശമായിരുന്നു ഇവിടം. ചെറിയ കുടിലുകളിലും മറ്റും താമസിച്ചിരുന്നവരെയാണ് താത്കാലികമായി മാറ്റിപ്പാർപ്പിച്ചിരുന്നത്.
തുടർന്ന് സിറാമിക്സിന്റെ ഉടമസ്ഥതയിലുള്ള 68 സെന്റ് ഭൂമി പുനരധിവാസ ഭവനങ്ങളുടെ നിർമ്മാണത്തിനായി മാറ്റി. 450 മുതൽ 850 ചതുരശ്ര അടി വിസ്തീർണം വരെയുള്ള 15 വീടുകളാണ് നിർമ്മിച്ചത്. നാല് സെന്റ് ഭൂമി വീതം വീട്ടുടമസ്ഥന് ലഭിക്കും.
അടച്ചുറപ്പുള്ള വീടുകളിലേക്ക്
ഇല്ലായ്മകളോട് പടവെട്ടി ജീവിച്ച കുടുംബങ്ങൾക്കാണ് സിറാമിക്സിന്റെ സ്വപ്ന ഭവനങ്ങളൊരുങ്ങിയത്. 3.5 കോടി രൂപ മുടക്കിയാണ് കമ്പനി 15 വീടുകൾ നിർമ്മിച്ചത്. രണ്ട് കിടപ്പുമുറികൾ, സ്വീകരണമുറി, അടുക്കള എന്നിവയടങ്ങുന്നതാണ് വീട്. ചില വീടുകൾക്ക് അറ്റാച്ച്ഡ് ബാത്ത് റൂമുകളും മറ്റുള്ളവയ്ക്ക് കോമൺ ബാത്ത്റൂമുകളുമുണ്ട്. ഇലക്ട്രിക്, പ്ളംബിംഗ് സംവിധാനങ്ങളും ചുറ്റുമതിലുമടക്കം കമ്പനിയുടെ വകയായി ചെയ്തുനൽകി. പ്യൂരിഫൈ ചെയ്ത കുടിവെള്ളം എല്ലാ വീടുകൾക്കും ലഭിക്കും.
താക്കോൽദാനം ഇന്ന്
ഉച്ചക്ക് 1.30ന് സിറാമിക്സ് അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി പി.രാജീവ് ഭവനങ്ങളുടെ താക്കോൽ കൈമാറും. പി.സി.വിഷ്ണുനാഥ് എം.എൽ.എ അദ്ധ്യക്ഷനാകും. മന്ത്രി കെ.എൻ.ബാലഗോപാൽ പ്രതിഭകളെ ആദരിക്കും. എൻ.കെ.പ്രേമചന്ദ്രൻ എം.പി, മുൻ മന്ത്രി ജെ.മേഴ്സിക്കുട്ടി അമ്മ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ.ഡാനിയേൽ, സിറാമിക്സ് ചെയർമാൻ കെ.ജെ.ദേവസ്യ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ്, സിറാമിക്സ് മാനേജിംഗ് ഡയറക്ടർ പി.സതീഷ് കുമാർ, ചിറ്റുമല ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹൻ, പേരയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനീഷ് പടപ്പക്കര, കുണ്ടറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി തോമസ്, ജില്ലാ പഞ്ചായത്തംഗം സി.ബാൾഡുവിൻ, ശ്യാം, സിൽവി സെബാസ്റ്റ്യൻ, സുധാദേവി, ഡോ.ആർ.അശോക്, മാധവൻ മാസ്റ്റർ, ഡോ.കെ.പി.ജോർജ് മുണ്ടയ്ക്കൽ, കെ.മോഹൻദാസ്, എസ്.എൽ.സജികുമാർ, ജെ.ഉദയഭാനു, എ.ഷാനവാസ് ഖാൻ എന്നിവർ സംസാരിക്കും.
സംസ്ഥാന സർക്കാരിന്റെ കരുതലിൽ നേട്ടങ്ങളുടെ പടവുകൾ കയറുകയാണ് സിറാമിക്സ്. പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തി വീടുകൾ നിർമ്മിച്ചുനൽകുന്നതിന്റെ ചാരിതാർത്ഥ്യം ചെറുതല്ല.
പി.സതീഷ് കുമാർ,
മാനേജിംഗ് ഡയറക്ടർ, സിറാമിക്സ്