കൊല്ലം: ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഓപ്പൺ ജിംനേഷ്യങ്ങൾ സ്ഥാപിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ.ഡാനിയേൽ. ചവറ മുക്കത്തോട് സ്‌കൂളിന് സമീപം ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഓപ്പൺ ജിംനേഷ്യത്തിന്റെ സമർപ്പണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 11 ഓപ്പൺ ജിംനേഷ്യങ്ങൾ ഇതുവരെ ജില്ലാ പഞ്ചായത്ത് നിർമ്മിച്ചു. ഈ വർഷം ഒൻപത് ഓപ്പൺ ജിംനേഷ്യങ്ങൾ കൂടി സ്ഥാപിക്കും. ഇതിന് 90 ലക്ഷം രൂപ വകയിരുത്തി.
ജില്ലാ പഞ്ചായത്ത് അംഗം സി.പി.സുധീഷ്‌കുമാർ അദ്ധ്യക്ഷനായി. സെക്രട്ടറി ബിനുൻവാഹിദ് സ്വാഗതം പറഞ്ഞു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനിൽ.എസ്.കല്ലേലി ഭാഗം, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി, ചവറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബാബു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോഫിയ സലാം, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി, ബ്ലോക്ക് പഞ്ചായത്തംഗം പ്രിയ ഷിനു, വാർഡ് അംഗം സരോജിനി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.