ഓച്ചിറ: ക്ലാപ്പന ഗ്രാമപഞ്ചായത്ത് ഓഫീസിൽ നിയമന ഉത്തരവുമായി എത്തിയ അസിസ്റ്റന്റ് സെക്രട്ടറിയെ ഭരണകക്ഷിയായ എൽഡി.എഫ് അംഗങ്ങളും സെക്രട്ടറിയും ചേർന്ന് തടഞ്ഞതിനെ തുടർന്ന് ഭരണ-പ്രതിപക്ഷ അംഗങ്ങളും പ്രവർത്തകരും തമ്മിൽ തർക്കവും വാക്കേറ്റവും നടന്നു. വവ്വാക്കാവ് സ്വദേശിനിയും മുമ്പ് ഇവിടെ ഹെഡ് ക്ലാർക്കുമായിരുന്ന ഹസിതയെയാണ് ചുമതല ഏൽക്കുന്നതിൽ നിന്ന് തടഞ്ഞത്. ഇവർക്ക് ശാരീരികമായ അവശതകൾ ഉണ്ടെന്നും പകരമുള്ളയാൾ തഴവ പഞ്ചായത്തിൽ നിന്ന് എത്തുമെന്നും പറഞ്ഞാണ് ഭരണകക്ഷി അംഗങ്ങൾ തടഞ്ഞത്. ഹസിതയുടെ പരാതിയെതുടർന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ജോസ് സെബാസ്റ്റ്യൻ ചാർജ്ജെടുക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറി താരയ്ക്ക് നിർദ്ദേശം നൽകിയെങ്കിലും അവർ അനുസരിച്ചില്ല. സംഭവം അറിഞ്ഞെത്തിയ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ക്ലാപ്പന ബിജുവിന്റെ നേതൃത്വത്തിലുള്ള പ്രവർത്തകർ ഓഫീസിനുമുന്നിൽ കുത്തിയിരിക്കുകയും സെക്രട്ടറിയെ ഉപരോധിക്കുകയും ചെയ്തു. ഇതറിഞ്ഞെത്തിയ ഭരണകക്ഷിയിൽപ്പെട്ട എൽ.ഡി.എഫ് പ്രവർത്തകർ കോൺഗ്രസുകാരെ ഓഫീസിന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബഹളം ഉണ്ടാക്കി. ഓച്ചിറ പൊലീസ് ഇൻസ്പെക്ടർ നിസാമുദീനും സംഘവും സ്ഥലത്തെത്തുകയും ഭരണസമിതി അംഗങ്ങളും എൽ.ഡി.എഫ് പ്രവർത്തകരുമായി ചർച്ച നടത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ നിർദ്ദേശാനുസരണം വൈകിട്ട് മൂന്ന് മണിയോടുകൂടി ഹസിതയെ ചാർജ്ജെടുക്കുവാൻ സെക്രട്ടറി അനുവദിച്ചതിനെ തുടർന്നാണ് തർക്കം അവസാനിച്ചത്.