 
കൊല്ലം: ഖത്തറിലെ അൽ ബെയ്ക് സ്റ്റേഡിയത്തിൽ പന്തുരുളാൻ ഇനി ദിവസങ്ങൾ മാത്രം. കൊട്ടാരക്കര കുളക്കടക്കാർ വേറിട്ട ഫുട്ബാൾ ലഹരിയിൽ. എം.സി റോഡിന്റെ അരികിലുള്ള കുളക്കട കളിത്തട്ടിന് പച്ചയും മഞ്ഞയും നിറമടിച്ചു. പിന്നെ നാടാകെ തോരണവും കൊടിയും ഫ്ളക്സ് ബോർഡുകളും നിറച്ചു.
ചൂടേറിയ ചർച്ചകൾ, വാതുവയ്പ്, വാഗ്വാദം
വൈകുന്നേരങ്ങളിൽ കുളക്കടയിൽ ഇടംപിടിക്കുന്ന യുവാക്കളൊക്കെ ഇഷ്ട ടീമുകളുടെ ജേഴ്സിയണിഞ്ഞെത്തുകയുമാണ്. ചൂടേറിയ ചർച്ചകൾ, വാതുവയ്പ്, വാഗ്വാദം അങ്ങിനെ നീളുന്നു ആവേശം. മുൻകാലങ്ങളിൽ ബ്രസീലിനും അർജന്റീനയ്ക്കുമായിരുന്നു കൂടുതൽ ആരാധകർ. ഇക്കുറി പോർച്ചുഗീസിന്റെ ചുവപ്പൻ ബോർഡുകളാണ് കുളക്കടയിൽ ആദ്യം ഇടംപിടിച്ചത്. പിന്നാലെ അർജന്റീന ആരാധകരെത്തി. ചെറുതും വലുതുമായ ഫ്ളക്സ് ബോർഡുകൾ റോഡിന്റെ വശങ്ങളിലും കെട്ടിടങ്ങളിലുമൊക്കെ സ്ഥാപിച്ചു. മെസിയുടെയും കൂട്ടുകളിക്കാരുടെയും ചിത്രങ്ങൾ അവിടെയെല്ലാം നിറഞ്ഞതോടെ അടുത്ത കൂട്ടരെത്തി. കുളക്കടയുടെ ചരിത്രശേഷിപ്പായ കളിത്തട്ട്(മണ്ഡപം) അടുത്തകാലത്ത് റോഡ് വികസനത്തിനായി പൊളിച്ച് നീക്കി പുനർ നിർമ്മിച്ചത് ബ്രസീൽ ആരാധകർ വീണ്ടും നിറമടിച്ചു. മഞ്ഞയും പച്ചയും നിറം ചേർത്തതോടെ കളിത്തട്ടിന് വേറിട്ട ഭംഗി. നാടുമുഴുവൻ അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
ഇനിയാണ് കളി
കാൽപ്പന്തുകളിയുടെ ആവേശം നാട്ടിൽ നിറഞ്ഞിട്ട് ആഴ്ചകളായി. ഇനി ഫുട്ബാൾ റാലി, സൗഹൃദ ഫുട്ബാൾ മത്സരം, പന്തയം തുടങ്ങി ഒട്ടേറെക്കാര്യങ്ങൾ പിന്നാലെ വരുന്നുണ്ട്. സ്കൂൾ, കോളേജ് വിദ്യാർത്ഥികളും വലിയ ആവേശത്തിലാണ്. കുളക്കട ഗവ.ഹയർ സെക്കൻഡറി സ്കൂളിലും ബി.എഡ് കോളേജിലുമൊക്കെ കാൽപ്പന്തുകളിയുമായി ബന്ധപ്പെട്ട ചർച്ചകളുടെ ആവേശമുണ്ട്. കളി തുടങ്ങുമ്പോഴേക്കും മുൻകാലങ്ങളിലെപ്പോലെ വലിയ സ്ക്രീൻ സജ്ജമാക്കും. എല്ലാവർക്കും ഒന്നിച്ചിരുന്ന് ആവേശത്തോടെ കളി കാണാം.