sndp

കൊല്ലം: പാമ്പ് കടിച്ചവന്റെ തലയിൽ ഇടിവെട്ടിയെന്ന് പറഞ്ഞപോലെയാണ് സാമ്പത്തിക സംവരണവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ആർ.ശങ്കറിന്റെ 50-ാം ചരമവാർഷികത്തോടനുബന്ധിച്ച് എസ്.എൻ ട്രസ്റ്റ് മെഡിക്കൽ മിഷൻ, കൊല്ലം സിംസിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുപ്രീംകോടതി വിധിയിൽ അങ്ങേയറ്റം ദുഃഖമുണ്ട്. മണ്ഡൽ കമ്മിഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസിൽ സംവരണം 50 ശതമാനം കവിയാൻ പാടില്ലെന്ന് സുപ്രീം കോടതി ഒൻപതംഗ ബഞ്ച് വിധി പുറപ്പെടുവിച്ചിട്ടുണ്ട്. ഇപ്പോൾ സംവരണം 60 ശതമാനമാക്കിയത് കോടതി ശരിവച്ചിരിക്കുകയാണ്. ഈ വിധികൾ പരസ്പര വിരുദ്ധമാണ്. ഒൻപതംഗ ബഞ്ചിനേക്കാൾ താഴെയാണ് ഇപ്പോഴത്തെ അഞ്ചംഗ ബഞ്ച്. റിവ്യു പെറ്റീഷൻ കൊടുക്കേണ്ടേ?.

കേരളത്തിൽ പിന്നാക്ക സമുദായക്കാർ എത്ര പേരുണ്ട്?. കേവലം പതിനഞ്ച് ശതമാനം മാത്രം. അവർക്കാണ് വീണ്ടും പത്ത് ശതമാനം സംവരണം അനുവദിച്ചിരിക്കുന്നത്. ദേവസ്വം ബോർഡുകളിൽ 96 ശതമാനവും സവർണർ കൈയടക്കിയിരിക്കുന്നു. ആറ് ശതമാനം മാത്രമാണ് പിന്നാക്കക്കാരുള്ളത്. അവിടെ മുന്നാക്ക സമുദായത്തിന് വീണ്ടും പത്ത് ശതമാനം കൂടി സംവരണം സംസ്ഥാന സർക്കാർ കൊടുത്തിരിക്കുകയാണ്. പിന്നാക്കക്കാരുടെ കുറവ് പരിഹരിക്കാൻ ഒരു സ്പെഷ്യൽ റിക്രൂട്ട്മെന്റിന് പോലും തയ്യാറാകുന്നില്ല. അച്ഛൻ വേലി കെട്ടാൻ പോ, ഞാൻ സദ്യയ്ക്ക് പോകാമെന്നും പറഞ്ഞപോലെയാണ്. ചിലരെല്ലാം സദ്യയുണ്ണാനും നമ്മൾ വേലികെട്ടാനും വിധിക്കപ്പെടുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.