കൊല്ലം: കടുത്ത വിലക്കയറ്റത്തെ തുടർന്ന് പ്രധാന തൊഴിൽ മേഖലയായ നിർമ്മാണമേഖല നിശ്ചലാവസ്ഥയിലേക്ക് നീങ്ങുന്നതായും നിർമ്മാണ സാമഗ്രികളുടെ അനിയന്ത്രിതമായ വിലകയറ്റം തടയുന്നതിന് സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നും ലൈസൻസ്ഡ് എൻജിനീയേഴ്‌സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (ലെൻസ്‌ഫെഡ്) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
പൊതുമേഖല സ്ഥാപനമായ മലബാർ സിമന്റിന്റെ ഉത്പാദനം വർദ്ധിപ്പിച്ചാൽ കുത്തക സിമന്റ് കമ്പനികളെ നിയന്ത്റിക്കാമെന്നിരിക്കെ പ്രഖ്യാപനങ്ങളിൽ മാത്രമായൊതുങ്ങുകയാണ്. സ്ക്രാപ്പ് മാത്രം കൊണ്ട് സ്റ്റീൽ നിർമ്മിക്കുന്നവരും അവസരം മുതലെടുക്കുന്നു. നിർമ്മാണ മേഖലയെ വ്യവസായമായി പ്രഖ്യാപിക്കണമെന്ന് വർഷങ്ങളായുളള ആവശ്യത്തോടും സർക്കാരുകൾ മുഖം തിരിഞ്ഞു നിൽക്കുകയാണെന്നും ഭാരവാഹികൾ ആരോപിച്ചു. കളക്ടറേറ്റിന് മുന്നിൽ നടത്തിയ ധർണയിലും തുടർന്ന് നടത്തിയ വാർത്താസമ്മേളനത്തിലും ലെൻസ്‌ഫെഡ് സംസ്ഥാന ജോ. സെക്രട്ടറി ടി. ഗിരീഷ്‌കുമാർ, ജില്ലാ പ്രസിഡന്റ് ജോൺ ലൂയിസ്, വൈസ് പ്രസിഡന്റ് മനു മോഹൻ, സെക്രട്ടറി ജി. ജയരാജ്, ട്രഷറർ ശിവകുമാർ തുടങ്ങിയവർ പങ്കെടുത്തു.