കൊല്ലം: കോട്ടമുക്കിൽ കടയുടെ മുമ്പിൽ നിർത്തിയിരുന്ന ബൈക്കുമായി മുങ്ങിയ യുവാവിനെ ഉടമ പിൻതുടർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഉമയനല്ലൂർ തൊണ്ട് മുക്ക് സജു മൻസിലിൽ സജു(27) ആണ് പിടിയിലായത്. കോട്ടയ്ക്കകം നഗർ 133-ൽ കേളേത്ത് പടിഞ്ഞാറ്റതിൽ രാജന്റെ ബൈക്കാണ് മോഷ്ടിക്കാൻ ശ്രമിച്ചത്. രാജൻ സാധനം വാങ്ങാൻ കടയിൽ കയറിയതക്കത്തിന് യുവാവ് ബൈക്കുമായി മുങ്ങുകയായിരുന്നു. രാജൻ ഉടൻ മറ്റൊരു വാഹനത്തിൽ ഇയാളെ പിൻതുടരുകയും കൊല്ലം ബീച്ചിന് സമീപത്ത് നിന്ന് മോഷ്ടാവിനെയും ബൈക്കിനെയും കണ്ടെത്തി വെസ്റ്റ് പൊലീസിൽ അറിയിക്കുകയുമായിരുന്നു. ഇൻസ്‌പെക്ടർ ഷഫീക്കിന്റെ നിർദ്ദേശപ്രകാരം എസ്.ഐ മാരായ അനീഷ്, ലത്തീഫ്, ഷമീർ എന്നിവർ സ്ഥലത്തെത്തി പ്രതിയെ അറസ്റ്റുചെയ്തു.