
എഴുകോൺ: ഒട്ടനവധി തവണ കപ്പിനും ചുണ്ടിനുമിടയിൽ സുപ്രധാന പദവികൾ നഷ്ടപ്പെട്ട ജനകീയ നേതാവാണ് ആർ.ആറെന്ന് അണികൾ സ്നേഹപൂർവം വിളിക്കുന്ന ആർ.രാജേന്ദ്രൻ. സംസ്ഥാന എക്സിക്യുട്ടീവിലേക്കുള്ള ആർ.രാജേന്ദ്രന്റെ വരവ് ജില്ലയിലും പ്രത്യേകിച്ച് കൊട്ടാരക്കര നിയോജക മണ്ഡലത്തിലും സി.പി.ഐക്ക് പുതിയ ഉണർവാകുമെന്നാണ് അണികളുടെ വിലയിരുത്തൽ. കാനത്തിന്റെ സന്തത സഹചാരിയും വിശ്വസ്തനുമായ ആർ.രാജേന്ദ്രനെ ജില്ലാ സെക്രട്ടറിയാക്കാൻ മുമ്പ് സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശമുണ്ടായിരുന്നെങ്കിലും ശക്തമായ വിഭാഗീയതയെ തുടർന്ന് നടപ്പായില്ല. അസി. സെക്രട്ടറിയാക്കാനുള്ള നിർദേശവും അപ്രതീക്ഷിത മത്സരത്തിലൂടെ പാളിയതും നേതൃത്വനിരയിലേക്കുള്ള വരവിന് തടസമായി. ഇക്കാര്യത്തിലൊന്നും നിരാശനാകാതെ കാനത്തിനൊപ്പം ഉറച്ചുനിന്ന് ജില്ലയിലെ സംഘടനാ രംഗം ഏകോപിപ്പിക്കുന്നതിൽ നിർണായക പങ്കു വഹിച്ചതാണ് പാർട്ടിയുടെ സുപ്രധാന ഘടകത്തിലെ പദവിക്ക് രാജേന്ദ്രനെ അർഹനാക്കിയത്.
യുവജന സംഘടനാ രംഗത്ത് സംസ്ഥാനത്താകെ നിറഞ്ഞുനിന്ന സംഘാടകനായിരുന്നു ആർ.രാജേന്ദ്രൻ. എ.ഐ.വൈ.എഫിന്റെ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന രാജേന്ദ്രൻ റഷ്യയിലടക്കം സന്ദർശിച്ച് പാർട്ടി പരിശീലനം നേടിയിരുന്നു. 1987 മുതൽ സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നെങ്കിലും ഇടക്കാലത്ത് അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് സി.പി.ഐയിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നത് രാജേന്ദ്രന്റെ രാഷ്ട്രീയ കുതിപ്പിന് തടസമായി. അപ്പോഴും കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന സംഘടന രൂപീകരിച്ച് പ്രവർത്തിച്ചതിലൂടെ ഇടതുപക്ഷ രാഷ്ട്രീയത്തിൽ ഒരു തെറ്റുതിരുത്തൽ ശക്തിയായി രാജേന്ദ്രൻ ഉറച്ചുനിന്നു.
ഇടതുപക്ഷത്തിന്റെ ഉരുക്ക് കോട്ടയെന്ന് അറിയപ്പെട്ടിരുന്ന നെടുവത്തൂർ അസംബ്ലി മണ്ഡലത്തിൽ ജയപരാജയങ്ങൾ നിർണയിക്കാൻ കഴിയുന്ന ശക്തിയായി കമ്മ്യൂണിസ്റ്റ് പാർട്ടി മാറിയത് ആർ.രാജേന്ദ്രന്റെ സംഘടനാ പാടവത്തിന് തെളിവായി. പിന്നീട് എം.വി.രാഘവനൊപ്പം സി.എം.പിയിൽ ലയിച്ച രാജേന്ദ്രന്റെ കമ്മ്യൂണിസ്റ്റ് പാർട്ടി നെടുവത്തൂരിൽ സഹകരണ സംഘങ്ങളും മറ്റും രൂപീകരിച്ച് തങ്ങൾക്കൊപ്പമുള്ള ഇടതുപക്ഷ അനുഭാവികളെ മുഖ്യധാരാ രാഷ്ട്രീയത്തിൽ സജീവമായി നിറുത്തി. തുടർന്ന് തദ്ദേശ സ്ഥാപനങ്ങളിലേക്കും കടുത്ത മത്സരം ഇടതുമുന്നണിക്ക് നേരിടേണ്ടി വന്നു. ഇതോടെ സംസ്ഥാന നേതൃത്വം മുൻകൈയെടുത്ത് പാർട്ടിവിട്ടവരെ തിരികെ സി.പി.ഐയിൽ എത്തിക്കുകയായിരുന്നു. ഇടക്കാലത്തെ അകൽച്ച പുനഃസമാഗമത്തിൽ ചില കല്ലുകടികൾക്ക് ഇടയാക്കിയെങ്കിലും പിന്നീട് ഇവയെല്ലാം രാജേന്ദ്രന് തുണയായി മാറി. സി.പി.ഐയ്ക്കും പൊതുവെ ഇടത് രാഷ്ട്രീയത്തിനും രാജേന്ദ്രന്റെ പുതിയ ചുമതല മുതൽക്കൂട്ടാകുമെന്ന പ്രതീക്ഷയിലാണ് രാഷ്ട്രീയ നിരീക്ഷകർ.