കൊട്ടാരക്കര: കനത്തമഴയിൽ സപ്ളൈകോ ഗോഡൗണിൽ വെള്ളം കയറി. 800 ചാക്ക് അരിയും ഗോതമ്പുമുൾപ്പടെ റേഷൻ സാധനങ്ങൾ നശിച്ചു. കൊട്ടാരക്കര തൃക്കണ്ണമംഗൽ അമ്പലംമുക്കിലെ ഗോഡൗണിലാണ് സംഭവം. തിങ്കളാഴ്ച മഴ കനത്തതോടെ സമീപത്തെ തോട്ടിൽ നിന്നുൾപ്പടെ വെള്ളം കയറി. തറനിരപ്പിലുള്ള ഗോഡൗണായതിനാൽ വെള്ളം ഷട്ടറിന്റെ വിടവിൽക്കൂടി അകത്തേക്ക് വലിയ തോതിൽ കടന്നു. അടുക്കി വച്ചിരുന്ന പുഴുക്കലരി, പച്ചരി, ഗോതമ്പ് എന്നിവയാണ് നശിച്ചത്. ഒരാഴ്ച മുൻപുണ്ടായ മഴയത്തും ഇവിടേക്ക് വെള്ളം കയറിയിരുന്നു. എന്നിട്ടും അധികൃതരുടെ ഭാഗത്തുനിന്നും കാര്യമായ ശ്രദ്ധയുണ്ടായില്ല.
റേഷൻ കടകൾക്ക് വിതരണം ചെയ്യാനുള്ളത്
കൊട്ടാരക്കര സപ്ളൈകോ ഡിപ്പോവഴി റേഷൻ കടകൾക്ക് വിതരണം ചെയ്യാനുള്ള അരിയും ഗോതമ്പുമാണ് വെള്ളംകയറി നശിച്ചത്. സുരക്ഷിത സംവിധാനമുള്ള ഗൗഡൗണിൽ നിന്ന് ഒന്നര വർഷം മുൻപാണ് ഇവിടേക്ക് സാധനങ്ങൾ മാറ്റിയത്. തറ നിരപ്പിൽ നിന്ന് ഉയർത്തിക്കെട്ടിയ ഗോഡൗണുകളിലാണ് ഇത്തരം സാധനങ്ങൾ സൂക്ഷിക്കേണ്ടതെന്നിരിക്കെ മാനദണ്ഡങ്ങൾ പാലിക്കാത്ത കെട്ടിടത്തിലാണ് സാധനങ്ങൾ സൂക്ഷിച്ചത്. നദീതീരം, നീർത്തടം തുടങ്ങിയവയുടെ പരിസരത്തുള്ള ഗോഡൗണുകൾ ഉപയോഗിക്കരുതെന്ന ചട്ടവും ഇവിടെ പാലിക്കപ്പെട്ടില്ല. ഗോഡൗണിന്റെ തൊട്ടടുത്താണ് തോടും കലുങ്കുമുള്ളത്. കനത്ത മഴയിൽ വെള്ളം കയറുന്ന ഭാഗത്താണ് ഗോഡൗണെന്ന് പരിശോധിച്ച വേളയിൽത്തന്നെ ഉദ്യോഗസ്ഥർക്ക് ബോദ്ധ്യപ്പെട്ടതാണ്. എന്നാൽ കെട്ടിടം ഉടമയുടെ സ്വാധീനത്തിന് വഴങ്ങിയാണ് ഈ ഗോഡൗണെടുത്തതെന്നാണ് ആരോപണം. വലിയ തുകയാണ് കെട്ടിടം ഉടമയ്ക്ക് വാടക ലഭിക്കുന്നത്.
പ്രതിഷേധിച്ചു
തിങ്കളാഴ്ച വൈകിട്ടുതന്നെ കുറച്ച് ചാക്ക് സാധനങ്ങൾ ഇവിടെ നിന്ന് മറ്റൊരിടത്തേക്ക് മാറ്റി. വെള്ളം കയറി നശിച്ചത് അതേപടി മാറ്റി ഉപയോഗിക്കാനുള്ള നീക്കത്തിനെതിരെ മഹിളാ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. കുത്തിയിരുപ്പ് സമരം ഉൾപ്പടെ നടത്തി. തൊട്ടുപിന്നാലെ ബി.ജെ.പി പ്രവർത്തകരുമെത്തി. സാധനങ്ങൾ നീക്കം ചെയ്യുന്നത് തടഞ്ഞതോടെ നേരിയ സംഘർഷത്തിന് ഇടയാക്കി. തുടർന്ന് പൊലീസും താലൂക്ക് സപ്ളൈ ഓഫീസറും സപ്ളൈ കോ ഡിപ്പോ മാനേജരുമെത്തി. പിന്നീട് കൊട്ടാരക്കര തഹസീൽദാരെത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തിയാണ് താത്കാലിക പരിഹാരത്തിലെത്തിച്ചത്.
ജാഗ്രതക്കുറവ് പതിവ്
മാസങ്ങൾക്ക് മുൻപാണ് റെയിൽവേ സ്റ്റേഷന് സമീപത്തെ ഗോഡൗണിൽ വിഷവസ്തുക്കൾ ഉപയോഗിച്ച് 250 ചാക്ക് പഴകിയ അരി വൃത്തിയാക്കിയ സംഭവം നടന്നത്. അത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. രണ്ട് ദിവസം മുൻപ് അവണൂരിൽ റേഷൻ കടയിൽ നിന്ന് വിതരണം ചെയ്ത അരിയിൽ പുഴുവിനെ കണ്ടെത്തിയതും വലിയ വിവാദങ്ങൾക്കിടയാക്കി.