kunnathoor

കുന്നത്തൂർ: ഭരണിക്കാവിൽ സ്കൂൾ വിദ്യാർത്ഥികളുടെ തല്ലുമാല. താലൂക്കിലെ വിവിധ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ് പരസ്പരം ഏറ്റുമുട്ടുന്നത്.ഭരണിക്കാവ് ടൗണിൽ ചക്കുവള്ളി റോഡിലാണ് സംഘട്ടനം പതിവായിരിക്കുന്നത്.സ്കൂൾ യൂണിഫോമുകളിൽ എത്തുന്ന കുട്ടികളാണ് ഗുണ്ടകളെ പോലെ തമ്മിലടിക്കുന്നത്.നൂറുകണക്കിന് യാത്രക്കാർ ബസ് കാത്ത് നിൽക്കുന്ന പ്രധാന മേഖലയിലാണ് വിദ്യാർത്ഥികൾ സംഘിടതരായെത്തി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. പിടിച്ചു മാറ്റാൻ എത്തുന്നവരെയും തെറി വിളിക്കുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്യാറുണ്ടത്രേ. റോഡിലെ അടിപിടി കൊല്ലം - തേനി ദേശീയപാതയിൽ ഗതാഗത തടസത്തിനും കാരണമാകുന്നു.വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടുന്നതിന്റെ കാരണം അറിവായിട്ടില്ല.തിങ്കളാഴ്ച രാവിലെ ഇതേ ഭാഗത്ത് വിദ്യാർത്ഥികൾ തമ്മിൽ സംഘട്ടനം നടന്നിരുന്നു.പിടിച്ചുമാറ്റാൻ എത്തിയവർക്കു പോലും തല്ലു കൊണ്ടതായി വിവരമുണ്ട്. ഇതിനാൽ ഇന്നലെ രാവിലെ ശാസ്താംകോട്ട പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.എന്നാൽ വൈകിട്ട് 5-ഓടെ ഗ്യാങ്ങായി എത്തിയ വിദ്യാർത്ഥികൾ സിനിമയിലെ സംഘട്ടനരംഗങ്ങളെ വെല്ലുന്ന വിധത്തിൽ തമ്മിലടിക്കുകയായിരുന്നു.ഈ സമയം വനിതാ പൊലീസ് മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. വിവരമറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും വിദ്യാർത്ഥികൾ സ്ഥലം വിട്ടിരുന്നു.