എഴുകോൺ : തുലാവർഷ മഴയ്ക്കൊപ്പമെത്തിയ ഇടിമിന്നലേറ്റ് കരീപ്ര പഞ്ചായത്തിലെ നെടുമൺകാവിന് സമീപം ഉളകോട് മേഖലയിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ പറ്റി. വയറിംഗും വൈദ്യുതോപകരണങ്ങളും കത്തി നശിച്ചു. ചൊവ്വാഴ്ച വൈകിട്ട് 3ന് ചാറ്റൽ മഴയോടൊപ്പമെത്തിയ മിന്നലാണ് നാശം വിതച്ചത്.
ഉളകോട് ഇന്ദിരാ വിലാസത്തിൽ സുഭദ്രമ്മയുടെ വീട്ടിലാണ് സാരമായ നഷ്ടം ഉണ്ടായത്. വയറിംഗ് കത്തി നശിച്ച ഇവിടെ പൂമുഖത്തിരിക്കുകയായിരുന്ന അയൽവാസിയായ മധു ആഘാതമേറ്റ് തെറിച്ചു വീണെങ്കിലും പരിക്കേൽക്കാതെ രക്ഷപെട്ടു. വീടിന്റെ കോൺക്രീറ്റ് ചുമരുകൾ തകർന്ന നിലയിലാണ്. പൂമുഖത്തെയും ഇരുമ്പ് ഗ്രില്ലുകളോട് ചേർന്ന ഭാഗങ്ങളിലെയും ചുമരുകളിൽ കോൺക്രീറ്റ് പാളികൾ ഇളകിത്തെറിച്ച നിലയിലാണ്. അയൽ വാസികളായ നീലാജ്ഞനത്തിൽ ബിനു, പ്രദീപ് മന്ദിരത്തിൽ പ്രഭാകരൻ പിള്ള, സാരഥി വിലാസത്തിൽ അജിത, ഉഷസിൽ ഉഷാകുമാരി എന്നിവരുടെ വീടുകളിലും കേടുപാടുകളും വൈദ്യുതോപകരണങ്ങൾക്ക് നാശനഷ്ടവും ഉണ്ടായി.
പ്രദേശത്തെ തെരുവ് വിളക്കുകളാകെ മിന്നലേറ്റ് ഇളകി തെറിച്ച നിലയിലാണ്.