ചാത്തന്നൂർ: കരുണ ആംബുലൻസ് സർവ്വീസിന്റെ ഒരു ആംബുലൻസ് പൂർണമായും മറ്റൊരു ആംബുലൻസും ബൈക്കും ഭാഗികമായും കത്തിനശിച്ചു. ഇന്നലെ പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. അയൽവാസികളാണ് വാഹനങ്ങളിൽ തീ പടർന്നത് കണ്ടത്. നാട്ടുകാരും ആംബുലൻസ് ജീവനക്കാരും ചേർന്ന് ഒന്നരമണിക്കൂറോളം പരിശ്രമിച്ചാണ് തീ അണച്ചത്. ഷെഡിൽ പാർക്ക് ചെയ്തിരുന്ന മാരുതി ആൾട്ടോ 800 കാറിന്റെ നമ്പർപ്ലേറ്റും അക്രമികൾ കേടുവരുത്തി. കത്തിനശിച്ചവ ഉൾപ്പെടെ അഞ്ച് ആംബുലൻസുകൾ ഇവിടെ പാർക്ക് ചെയ്തിരുന്നു. ഓമ്നി ആംബുലൻസിനരികെ ഫിറ്റ്നസ് ടെസ്റ്റിന് തയ്യാറാക്കി സൂക്ഷിച്ചിരുന്ന ഫോഴ്സ് ട്രാവലറും ഡ്രൈവറുടെ ബൈക്കിനുമാണ് ഭാഗികമായി തീ പിടിച്ചത്. ചാത്തന്നൂർ പൊലീസ് എസ്.എച്ച്.ഒ. ശിവകുമാർ, വനിതാ എസ്.ഐ.ആശ രേഖ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. ഫോറൻസിക് വിദഗ്ദ്ധർ തെളിവുകൾ ശേഖരിച്ചു. മുൻ ആംബുലൻസ് ഡ്രൈവർ ഉൾപ്പെടെയുളള സംഘമാണ് അക്രമത്തിന് പിന്നിലെന്ന് ആക്ഷേപമുണ്ട്. ഒക്ടോബർ 15ന് നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ രണ്ടംഗസംഘം മാരകായുധങ്ങളുമായി എത്തി ആംബുലൻസ് ഉടമ അഭിലാഷിനെ മർദ്ദിക്കുകയും മൊബൈൽ ഫ്രീസറുകൾക്ക് കേടുപാട് വരുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി ആക്ഷേപമുണ്ട്. ഇതിന്റേ വീഡിയോ സഹിതം പൊലീസിൽ പരാതി നൽകിയെങ്കിലും പ്രതികളെ വിളിച്ചുവരുത്തിയശേഷം താക്കീത് നൽകി വിട്ടയക്കുകയായിരുന്നുവെന്ന് ആക്ഷേപമുണ്ട്. മുൻമന്ത്രി എം.എ.ബേബിയുടെ സഹോദരന്റെ വീട്ടിൽ അതിക്രമിച്ചു കയറി അക്രമം നടത്തുകയും ഹോക്കി സ്റ്റേഡിയത്തിലെ കൊവിഡ് സെന്ററിനു സമീപം 108 ആംബുലൻസിൽ യുവതിയെ പീഡിപ്പിച്ചയാളും അടക്കമുള്ളവരാണ് ആക്രമണത്തിനു പിന്നിലെന്ന് ആംബുലൻസ് ഉടമ അഭിലാഷ് ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ആർക്കെതിരെയും കേസ് എടുത്തിട്ടില്ല.