
പുനലൂർ: ചരിത്ര സ്മാരകമായപുനലൂർ തൂക്ക് പാലം നവീകരിക്കാൻ 26.88ലക്ഷം രൂപ അനുവദിച്ചതായി പി.എസ്.സുപാൽ എം.എൽ.എ അറിയിച്ചു. സംസ്ഥാന പുരാവസ്തു വകു
പ്പിന്റെ നിയന്ത്രണത്തിൽ നഗരമദ്ധ്യത്തിലുള്ള തൂക്ക് പാലത്തിൽ ആറ് വർഷം മുമ്പ് നടത്തിയ അശാസ്ത്രീയമായ നവീകരണത്തെ തുടർന്ന് പാലം തൂക്കിയിട്ടിരിക്കുന്ന ഉരുക്ക് ചങ്ങലകൾ തുരുമ്പ് എടുക്കുകയും കരില്ലങ്കൽ ആർച്ചുകളിൽ ആൽ മരങ്ങൾ വളർന്ന് പാലം നാശത്തിലേക്ക് നീങ്ങുകയായിരുന്നു.
കേരള കൗമുദി വാർത്ത തുണയായി
തൂക്കുപാലത്തിന്റെ ശോച്യാവസ്ഥ സംബന്ധിച്ച് കേരളകൗമുദി നിരവധി തവണ വാർത്ത നൽകിയിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ട എം.എൽ.എ കഴിഞ്ഞ ഫെബ്രുവരിയിൽ പുരാവസ്തു ഉദ്യോഗസ്ഥരുടെയും ഡി.ടി.പി.സി അധികൃതരുടെയും സംയുക്ത യോഗം പുനലൂരിൽ വിളിച്ച് ചേർത്തിരുന്നു. തൂക്കുപാലം സംരക്ഷിക്കുന്നതിനും സമീപത്ത് കുട്ടികളുടെ പാർക്ക് പണിയുന്നതിനും ആവശ്യമായ പ്രൊജക്ട് തയ്യാറാക്കി സർക്കാരിന് സമർപ്പിച്ച ശേഷം പുരാവസ്തു വകുപ്പ് മന്ത്രിയെ നേരിൽ കണ്ട് നിവേദനവും നൽകി. അങ്ങനെയാണ് 26.88ലക്ഷം രൂപ അനുവദിച്ചത്.ഇപ്പോൾ ടെൻഡർ നടപടികളിലൂടെ കരാർ നൽകുകയും ചെയ്തു.
നവീകരണം ഇങ്ങനെ
ദ്രവിച്ച ഉരുക്ക് ചങ്ങലകളിൽ ചായം പൂശും
തമ്പക പലകകൾ മാറ്റി പുതിയത് സ്ഥാപിക്കും
ദ്രവിച്ച കമ്പികൾ മാറ്റി പുതിയ കമ്പികൾ സ്ഥാപിക്കും
കരിങ്കൽ കമാനങ്ങളുടെ അറ്റകുറ്റ പണികൾ
സംരക്ഷണ ഭിത്തിയുടെ പുനർ നിർമ്മാണം
വൈദ്യുതീകരണം
വാഗ്ദാനം നടപ്പായില്ല
ആറ് വർഷം മുമ്പ് കാൽ കോടിയോളം രൂപ ചെലവഴിച്ചായിരുന്നു തൂക്ക് പാലം നവീകരിച്ചത്. എന്നാൽ തൂക്കു പാലത്തിൽ അലങ്കാര ലൈറ്റുകളും ടൂറിസ്റ്റുകൾക്ക് വിശ്രമിക്കാൻ പാലത്തിന്റെ ഉപരിതലത്തിൽ ഇരിപ്പിടങ്ങളും ഇരു കരകളിലും പൂന്തോട്ടവും പണിയുമെന്ന് അന്ന് അധികൃതർ നൽകിയ വാഗ്ദാനം നടപ്പാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
ചരിത്രശേഷിപ്പായ പാലം
1877ൽ ബ്രിട്ടീഷുകാരുടെ ഭരണ കാലത്താണ് പുനലൂർ പട്ടണത്തിലൂടെ കടന്ന് പോകുന്ന കല്ലാടയാറിന് മദ്ധ്യേ തൂക്ക് പാലം പണിതത്. കരിങ്കല്ലിൽ നിർമ്മിച്ച രണ്ട് ആർച്ചുകളിൽ കൊരുത്ത ഉരുക്ക് ചടങ്ങലകളിലാണ് പാലം തൂക്കിയിട്ടിരിക്കുന്നത്. പാലത്തിൻെ രണ്ട് കരകളിലായി നാല് കിണറുകൾ കുഴിച്ച ശേഷം അതിനുള്ളിലാണ് പാലം തൂക്കിയിട്ടിരിക്കുന്ന രണ്ട് ചങ്ങലകളും ബന്ധിപ്പിച്ചിട്ടുള്ളത്. പത്ത് വർഷം മുമ്പ് തൂക്ക് പാലം നശിച്ചത് കാരണം വർഷങ്ങളോളം അടച്ച് പൂട്ടിയിരുന്നു. പിന്നീട് സാമൂഹിക, സാംസ്കാരിക പ്രവർത്തകരും നാട്ടുകാരും നിരന്തരം നടത്തിയ സമരങ്ങളെ തുടർന്നാണ് തൂക്ക് പാലം അന്ന് നവീകരിച്ചത്.തുടർന്ന് വിനോദ സഞ്ചാരികൾക്ക് തുറന്ന് നൽകിയെങ്കിലും ശേഷിക്കുന്ന പുനരുദ്ധാരണ ജോലികൾക്കാണ് ഇപ്പോൾ തുക അനുവദിച്ചത്.