 
ചവറ : തിരുവിതാംകൂർ ദേവസ്വം ദേശീയ പ്രചാര സഭയുടെ നേതൃത്വത്തിൽ ആനന്ദവല്ലീശ്വരം ദേവസ്വം ഓഡിറ്റോറിയത്തിൽ ആർ.ശങ്കറിന്റെ അമ്പതാം അനുസ്മരണ സമ്മേളനം നടത്തി. 1949ൽ രൂപീകരിച്ച ആദ്യ ദേവസ്വം ബോർഡിൽ മന്നത്ത് പദ്മനാഭനോടൊപ്പം ദേവസ്വം ബോർഡ് അംഗമായി നന്തൻകോട്ടു ദേവസ്വം ബോർഡ് ആസ്ഥാനം രൂപീകരിക്കുന്നതിനും തകർന്നു കിടന്ന ക്ഷേത്രങ്ങൾ നവീകരിക്കുന്നതിനും സ്ത്രീകൾക്കും അവർണ വിഭാഗത്തിനും ആദ്യമായി ദേവസ്വം ബോർഡിൽ നിയമനം നടത്തുന്നതിനും നേതൃത്വം നൽകി, ഒരുവർഷത്തിനുള്ളിൽ ബോർഡിന്റെ സമഗ്രമാറ്റത്തിനു പ്രധാന പങ്കുവഹിക്കുകയും ദേവസ്വം ബോർഡ് അംഗമായിരുന്ന ശേഷം കേരളത്തിന്റെ മുഖ്യമന്ത്രി വരെ ആകാൻകഴിഞ്ഞ വ്യക്തിത്വമായിരുന്നു ആർ.ശങ്കർ എന്ന് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് തിരുവിതാംകൂർ ദേവസ്വം ദേശീയ പ്രചാരസഭ ചെയർമാൻ ആർ.ഷാജി ശർമ്മ പറഞ്ഞു. ഈശ്വരൻപോറ്റി ആദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പി. രാജു സ്വാഗതം പറഞ്ഞു. എൻ.നാരായണപിള്ള, ശങ്കരനായർ, പുഷ്‌പ്പാസനൻ എന്നിവർ സംസാരിച്ചു. ഗോവിന്ദൻ പോറ്റി നന്ദി പറഞ്ഞു.